ഈസ്റ്റ് പള്ളൂർ: പള്ളൂർ ഈസ്റ്റ് മേഖലയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ട് 24 മണിക്കൂർ പിന്നിടുന്നു. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചത്. എച്ച് ടി ലൈനിൽ തെങ്ങ് മുറിഞ്ഞുവീണതാണ് തകരാറിന് കാരണമായതെന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു. എന്നാൽ ഒരു പകൽ മുഴുവൻ സമയം ലഭിച്ചിട്ടും തകരാർ പരിഹരിക്കാൻ ജീവനക്കാർക്ക് സാധിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കൊടുംചൂടിൽ രാത്രിയിൽ ഉറങ്ങാൻ പോലും കഴിയാതെ വലഞ്ഞ ഉപഭോക്താക്കൾ വൈദ്യുതി ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും രാത്രിയിൽ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ശനിയാഴ്ച രാത്രി വൈകിയും വൈദ്യുതി പുനഃസ്ഥാപിക്കാത്തതിനെ തുടർന്ന് നാട്ടുകാർ വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും ലെഫ്റ്റനന്റ് ഗവർണർക്കും പരാതി നൽകി. ഉഷ്ണതരംഗത്തിന് സമാനമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം തകരാറുകൾ പരിഹരിക്കാൻ അടിയന്തര സംവിധാനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
