മാഹി: മാഹി സ്‌പോർട്‌സ് ക്ലബ് ലൈബ്രറി ആൻഡ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ യുണൈറ്റഡ് എഫ്‌സി നെല്ലിക്കുത്ത് സെമി ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ലിൻഷ മണ്ണാർക്കാടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നെല്ലിക്കുത്ത് പരാജയപ്പെടുത്തിയത്.
മത്സരത്തിന് മുന്നോടിയായി നടന്ന പ്രദർശന മത്സരത്തിൽ മാഹി ഇൻഡോർ എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി റോയൽ ടൈഗേഴ്‌സ് കണ്ണൂർ വിജയിച്ചു. മയ്യഴി മുനിസിപ്പൽ കമ്മീഷണർ ശ്രീജിത്ത് കെ.പി, മാഹി പോലീസ് ഇൻസ്പെക്ടർ പി.എ. അനിൽ കുമാർ, ആർ.എ ഓഫീസ് സൂപ്രണ്ട് പ്രവീൺ പാനിശ്ശേരി, പി.ഡബ്ല്യു.ഡി എൻജിനീയർ സന്ദേശ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി സംബന്ധിച്ചു.
ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഇന്ന് (ഫെബ്രുവരി 12) മത്സരങ്ങൾ ഉണ്ടായിരിക്കില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. വെള്ളിയാഴ്ച (13-02-2026) നടക്കുന്ന അവസാന ക്വാർട്ടർ ഫൈനലിൽ ഷൂട്ടേഴ്‌സ് പടന്ന, അൽ മദീന ചെർപ്പുളശ്ശേരിയെ നേരിടും.
