ന്യൂമാഹി: പെരിങ്ങാടി കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവം വെള്ളിയാഴ്ച പുലർച്ചെ മുതൽ നടക്കും. ഉത്സവത്തിന് മുന്നോടിയായി ബുധനാഴ്ച കടമേരി ഉണ്ണികൃഷ്ണൻ മാരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം ഭക്തജനങ്ങൾക്ക് വേറിട്ട അനുഭവമായി. തുടർന്ന് കോമഡി ഉത്സവം ഫെയിം പൊള്ളാച്ചി മുത്തു, ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം ദിൽഷ എന്നിവർ നയിച്ച കലാപരിപാടികളും ഡി.ജെയും അരങ്ങേറി.
ഫെബ്രുവരി 12-ന് (ഇന്ന്) രാവിലെ 11 മുതൽ പൗരാണിക ദൈവിക ചടങ്ങുകൾ ആരംഭിക്കും. ഉച്ചയ്ക്ക് അന്നദാനവും വൈകുന്നേരം വെള്ളാട്ടം, താലപ്പൊലി വരവ്, ഇളനീർ അഭിഷേകം, മഞ്ഞൾ അഭിഷേകം, കലശം വരവ് എന്നിവയും നടക്കും.
ഉത്സവത്തിന്റെ പ്രധാന ദിനമായ ഫെബ്രുവരി 13 വെള്ളിയാഴ്ച പുലർച്ചെ മുതൽ ഗുളികൻ, ഘണ്ഡാകർണ്ണൻ, കുട്ടിച്ചാത്തൻ, നാഗഭഗവതി, ഭഗവതി എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടും. ഭക്തജന തിരക്ക് പരിഗണിച്ച് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.