പന്തക്കൽ: പന്തക്കലിൽ തെരുവുനായയുടെ ആക്രണത്തിൽ നാല് വയസ്സുകാരിയുൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. പന്തക്കൽ ഐഡിയൽ വിമൻസ് ഹോസ്റ്റലിന് സമീപമാണ് സംഭവം. കൊപ്പരക്കളത്തിൽ വീട്ടിൽ രവീന്ദ്രൻ (79), വയനാട് പുൽപ്പള്ളി സ്വദേശികളായ ദമ്പതികളുടെ മകൾ രശ്മിക (4) എന്നിവർക്കാണ് കടിയേറ്റത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഇടവഴിയിലൂടെ നടന്നുപോവുകയായിരുന്ന രവീന്ദ്രനെ നായ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. പന്തക്കലിലെ വാടക വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് രശ്മികയ്ക്ക് കടിയേറ്റത്. പരിക്കേറ്റ ഇരുവർക്കും ആദ്യം പള്ളൂർ ഗവ. ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തലശ്ശേരി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ നായയെ പിന്നീട് കണ്ണച്ചാംകണ്ടി കോളനി റോഡിൽ ചത്ത നിലയിൽ കണ്ടെത്തി. നായയ്ക്ക് പേവിഷബാധയുണ്ടായിരുന്നോ എന്ന സംശയത്തിലാണ് നാട്ടുകാർ. പ്രദേശത്ത് തെരുവുനായ ശല്യം വർധിച്ചുവരികയാണെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
