മാഹി: മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് പാതയിൽ ചെങ്കല്ല് കയറ്റിപ്പോകുകയായിരുന്ന മിനി ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 6.45-ഓടെ അഴിയൂരിന് സമീപമാണ് സംഭവം. തലശ്ശേരി ഭാഗത്തുനിന്നും വടകരയിലേക്ക് പോകുകയായിരുന്നു ലോറി. എഞ്ചിൻ കാബിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ വാഹനം നിർത്തുകയും പുറത്തേക്ക് ചാടിയിറങ്ങുകയും ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി.
മാഹിയിൽ നിന്നും അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. മാഹി സ്റ്റേഷൻ ഓഫീസർ രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ പടരുന്നത് തടഞ്ഞത്. വടകരയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും തീ നിയന്ത്രണവിധേയമാക്കിയിരുന്നു.
ഗതാഗതം പുനഃസ്ഥാപിച്ചു
അപകടത്തിൽ ലോറിയുടെ എഞ്ചിൻ കാബിൻ പൂർണ്ണമായും കത്തിയ നിലയിലാണ്. തിരക്കേറിയ ബൈപ്പാസിൽ തീപിടുത്തത്തെ തുടർന്ന് ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. തുടർന്ന് കത്തിയ ലോറിയിലുണ്ടായിരുന്ന ചെങ്കല്ലുകൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
