മാഹിയിൽ സർക്കാർ വിദ്യാലയങ്ങൾ സി.ബി.എസ്.ഇ പാഠ്യപദ്ധതിയിലേക്ക് മാറിയതിന് ശേഷം ആദ്യമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സ്കൂൾ കലോത്സവ്–2026’ ന് തിരിതെളിഞ്ഞു.
ജനുവരി 3, 4 തീയതികളിലായി നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം പന്തക്കൽ പി.എം.ശ്രീ ഐ.കെ.കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ വേദിയിൽ മാഹി എം.എൽ.എ രമേഷ് പറമ്പത്ത് തിരിതെളിച്ച് നിർവഹിച്ചു.
പരിപാടിയിൽ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ അധ്യക്ഷത വഹിച്ചു. പി.എം.ശ്രീ ഐ.കെ.കെ പന്തക്കൽ സ്കൂൾ എസ്.എം.സി ചെയർപേഴ്സൺ ദിവ്യമോൾ, സ്കൂൾ പ്രധാനാധ്യാപിക എൻ.വി.ശ്രീലത, സമഗ്രശിക്ഷ എ.ഡി.പി.സി ഷിജു പി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മാഹി വിദ്യാഭ്യാസവകുപ്പ് മേലധ്യക്ഷ എം.എം.തനൂജ സ്വാഗതവും, പി.എം.ശ്രീ ഐ.കെ.കെ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷീബ കെ. നന്ദിയും പറഞ്ഞു.
കലോത്സവത്തിന്റെ ഭാഗമായി നടന്ന ഓഫ്‌സ്റ്റേജ് മത്സരങ്ങളിലെ വിജയികൾക്ക് വേദിയിൽ വെച്ച് വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
മയൂർ, മൽഹാർ എന്നീ രണ്ട് വേദികളിലായി ഭരതനാട്യം, നാടോടിനൃത്തം, ഒപ്പന, ലളിതഗാനം, സംഘഗാനം, ആംഗ്യപ്പാട്ട്, സംഘനൃത്തം, മോണോ ആക്ട് തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.
മാഹി മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ വിഭാഗങ്ങളിലായി 520-ലധികം വിദ്യാർത്ഥികൾ കലോത്സവത്തിൽ മാറ്റുരക്കും.
ജനുവരി 4 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സ്കൂൾ കലോത്സവ്–2026 ന്റെ സമാപന സമ്മേളനം നടക്കും.
