തേനീച്ചയുടെ ആക്രമണത്തിൽ നിന്ന് വയോധികനെ രക്ഷിച്ച രഞ്ചനയ്ക്ക് ആദരം

 


മാഹി: കാട്ടുതേനീച്ചകളുടെ ആക്രമണത്തിൽപ്പെട്ട വയോധികനെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച പന്തക്കൽ സ്വദേശിനി രഞ്ചനയെ കുന്നുമ്മൽപ്പാലം കുടുംബ കൂട്ടായ്മ ആദരിച്ചു. പന്തക്കൽ 'സമത'യിൽ താമസിക്കുന്ന രഞ്ചനയെ, കൂട്ടായ്മയുടെ പുതുവത്സര ആഘോഷങ്ങൾക്കിടെ പ്രസിഡന്റ് എൻ. ഉണ്ണി പൊന്നാട അണിയിച്ച് ഉപഹാരം നൽകി.

കഴിഞ്ഞ നവംബർ 26-നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പന്തക്കലിലെ കൊപ്പര മില്ലിലെ തൊഴിലാളിയും കൂത്തുപറമ്പ് കിണവക്കൽ സ്വദേശിയുമായ 70-കാരൻ രാജനെയാണ് രഞ്ചന സാഹസികമായി രക്ഷപ്പെടുത്തിയത്. ജോലി സ്ഥലത്തേക്ക് നടന്നുപോകുകയായിരുന്ന രാജനെ രഞ്ചനയുടെ വീടിന് സമീപത്തുവെച്ച് മരത്തിൽ നിന്നിളകിയ കാട്ടുതേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു.

തേനീച്ചകളുടെ കുത്തേറ്റ് രാജൻ റോഡിൽ കമിഴ്ന്നുവീണ നിലയിലായിരുന്നു. ഈ സമയത്ത് ഇതുവഴി വന്ന രഞ്ചന, അപകടം തിരിച്ചറിഞ്ഞ് ഒട്ടും മടിക്കാതെ വയോധികനെ രക്ഷപ്പെടുത്താൻ മുന്നിട്ടിറങ്ങുകയായിരുന്നു. തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിനിടയിലും അദ്ദേഹത്തെ രഞ്ചന സ്വന്തം കാറിൽ കയറ്റി ഉടൻതന്നെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിച്ചു. സമയബന്ധിതമായ ഈ ഇടപെടലാണ് വയോധികന്റെ ജീവൻ രക്ഷിച്ചത്.

ചടങ്ങിൽ പി.കെ. സുജൻ അധ്യക്ഷത വഹിച്ചു. സിഗേഷ് ഞേറക്കോൾ, പി.കെ. സജീവ് എന്നിവർ സംസാരിച്ചു. കിഴക്കെ കതിരൂരിലെ ചൊക്ലി രാമവിലാസം സ്കൂൾ റിട്ട. അധ്യാപകൻ സി.പി. പ്രനീലനാണ് രഞ്ചനയുടെ ഭർത്താവ്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന അനുരഞ്ച് മകനാണ്.



വളരെ പുതിയ വളരെ പഴയ