അഴിയൂർ: ആഡംബര വിവാഹങ്ങൾക്കായി കോടികൾ ചെലവാക്കുന്ന കാലത്ത്, വേറിട്ട വഴിയിലൂടെ മാതൃകയാവുകയാണ് അഴിയൂരിലെ ഒരു പിതാവ്. മകന്റെ വിവാഹത്തോടനുബന്ധിച്ച് നാട്ടിലെ തീരദേശവാസികളുടെ ചിരകാലാഭിലാഷമായ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടിരിക്കുകയാണ് മറിയാസിൽ റഹീം മറിയാസ്.
അഴിയൂർ നീതി സ്റ്റോർ മുതൽ പൂഴിത്തല വരെയുള്ള തീരദേശത്തെ ഇരുന്നൂറോളം നിർദ്ധന കുടുംബങ്ങൾക്കായാണ് ഈ കുടിവെള്ള പദ്ധതി സമർപ്പിച്ചത്. റഹീം മറിയാസിന്റെയും മഹനാസ് മനയത്തിന്റെയും മകൻ അഡ്വ. മുഹമ്മദ് റിഹാൻ റഹീമും, സുനിൽ സലീം കാഞ്ഞിരാലയുടെയും ഡോ. ഷാഹിന മട്ടുമ്മന്തോടിയുടെയും മകൾ അഡ്വ. ആയിഷ സാൽവയും തമ്മിലുള്ള വിവാഹത്തോടനുബന്ധിച്ചാണ് ഈ സേവനപ്രവർത്തനം നടപ്പിലാക്കിയത്.
ന്യൂ മാഹി ലോറൽ ഗാർഡനിൽ നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പദ്ധതി നാടിന് സമർപ്പിച്ചു. വേനൽക്കാലത്ത് ശുദ്ധജലക്ഷാമം രൂക്ഷമാകുന്ന കടലോര മേഖലയിലെ കുടുംബങ്ങൾക്ക് ഈ പദ്ധതി വലിയ അനുഗ്രഹമാകും. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ആഡംബരങ്ങൾ ഒഴിവാക്കി പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന ഇത്തരം പ്രവൃത്തികൾ വർത്തമാനകാലത്ത് വലിയ മാറ്റത്തിന് വഴിതെളിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
