ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റി: എം.എൽ.എ രമേശ് പറമ്പത്ത്


മാഹി: കഴിഞ്ഞ നാലര വർഷങ്ങളിലെ പ്രവർത്തനത്തിലൂടെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും നടപ്പിലാക്കാൻ കഴിഞ്ഞതിൽ തൃപ്തിയുണ്ടെന്ന് എം.എൽ.എ രമേശ് പറമ്പത്ത് അറിയിച്ചു.

പുതുതായി ആരംഭിച്ച മദർ തെരേസ നഴ്സിംഗ് കോളേജ് നാളെ പുതുച്ചേരി ലഫ്. ഗവർണർ കെ. കൈലാസനാഥൻ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി ലക്ഷ്മി നാരായണൻ, സ്പീക്കർ ആർ. സെൽവം എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ പഞ്ചകർമ്മ യൂണിറ്റ്, ഒ.പി വിഭാഗത്തിന്റെ 6.47 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം, മാഹി ഗവ. ജനറൽ ആശുപത്രിയിലെ ആധുനിക കിച്ചൻ ബ്ലോക്കിന്റെ ഉദ്ഘാടനം, പോലീസ് സൂപ്രണ്ട് ഓഫീസിന്റെ ശിലാസ്ഥാപനം എന്നിവയും ഗവർണർ നിർവഹിക്കും.

വർഷങ്ങളായി മുടങ്ങിക്കിടന്ന പുഴയോര നടപ്പാതയുടെ രണ്ടാംഘട്ട നിർമ്മാണം പുരോഗമിക്കുകയാണ്. 7.5 കോടി രൂപ ചെലവിൽ മാഹി ജനറൽ ആശുപത്രിയുടെ ബഹുനില കെട്ടിടനിർമാണം, ഡയാലിസിസ് യൂണിറ്റിന്റെ സ്ഥാപനം, ഒരു കോടി 75 ലക്ഷം രൂപ ചെലവിൽ ആധുനിക ലാബ് നിർമ്മാണം തുടങ്ങിയവയും നടന്നു വരികയാണെന്ന് എം.എൽ.എ അറിയിച്ചു.

പള്ളൂർ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ മുഖ്യമന്ത്രി എൻ. രംഗസ്വാമി നിർവഹിക്കും. മുലക്കടവ് – പൂഴിത്തല റോഡിന്റെ നവീകരണ പ്രവർത്തനം ആരംഭിച്ചു. എം.എൽ.എ ഫണ്ട്, എം.പി ഫണ്ട്, ടൈഡ് ഫണ്ട്, നബാർഡ് ലോണുകൾ എന്നിവയുടെ സഹായത്തോടെ 17 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മാഹി സെമിത്തേരി റോഡിലെ വാതക ശ്മശാനത്തിന്റെ നവീകരണ പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയിൽ ലിഫ്റ്റ്, ജനറേറ്റർ സ്ഥാപിക്കൽ, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നിയമനം എന്നിവയും പൂർത്തിയായി.

ജനങ്ങൾക്ക് നൽകിയ മുഴുവൻ വാഗ്ദാനങ്ങളും നിറവേറ്റാനായതിൽ ആത്മതൃപ്തിയുണ്ടെന്ന് എം.എൽ.എ രമേശ് പറമ്പത്ത് കൂട്ടിച്ചേർത്തു.

വളരെ പുതിയ വളരെ പഴയ