ന്യൂമാഹി ടൗൺ: പക്ഷികളുടെ വിസർജ്യം മൂലം അസൗകര്യം ഉണ്ടെന്ന കാരണത്താൽ ന്യൂമാഹി ടൗണിലെ തണൽ മരങ്ങൾ മുറിച്ചു നീക്കിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം.
വേനൽചൂടിന്റെ കാഠിന്യം വർധിപ്പിക്കുന്നതോടൊപ്പം, റോഡിലിറങ്ങുന്നവർക്ക് അസഹനീയമായ ചൂട് അനുഭവപ്പെടുന്നതിന് ഇടയാക്കുമെന്നും, മരങ്ങൾ മുറിക്കുന്നതിനിടെ പക്ഷികളും കുഞ്ഞുങ്ങളും മുട്ടകളും ഇല്ലാതാകുന്നുവെന്നതും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
പക്ഷികളുടെ വിസർജ്യം തടയുന്നതിനുള്ള ഫലപ്രദമായ മാർഗം ജൈവ വൈവിധ്യ ബോർഡ് നിർദ്ദേശിക്കുന്നുണ്ടെങ്കിലും അത് നടപ്പാക്കാതെയാണു നടപടി നടന്നതെന്നാരോപണം.
ബോർഡിന് അപേക്ഷ നൽകിയാൽ പക്ഷികൾക്ക് താമസിക്കാനും വിസർജ്യം താഴേക്ക് വീഴാതിരിക്കാനും പ്രത്യേക വല സ്ഥാപിച്ച്, പിന്നീട് പക്ഷിക്കാഷ്ഠം നീക്കം ചെയ്ത് ശുചീകരിക്കുന്ന സംവിധാനം ഒരുക്കാനാകുമെന്ന് വിദഗ്ധർ പറയുന്നു.
ഇതിന് ആവശ്യമായ മുഴുവൻ സാമ്പത്തിക സഹായവും ജൈവ വൈവിധ്യ ബോർഡ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും.
അതേ സമയം, അക്രമകാരികളായ തെരുവ് നായകളെ സംരക്ഷിക്കുന്ന അധികൃതർ ഉപദ്രവകാരികളല്ലാത്ത പക്ഷികളെ ഇല്ലാതാക്കുന്ന നടപടി സ്വീകരിച്ചതിനെ സാക്ഷര കേരളത്തിന് അപമാനകരമാണെന്ന് പരിസ്ഥിതി പ്രവർത്തകർ വിമർശിച്ചു.