ജൽ ജീവൻ കുടിവെള്ള പദ്ധതി: അപകട ഭീഷണിയെത്തുടർന്ന് കുഴി നികത്തി

 


ന്യൂമാഹി: ജൽ ജീവൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റിന് സമീപം കരീക്കുന്ന് റോഡിൽ മഹേശൻ പീടികക്ക് സമീപം എടുത്ത വൻകുഴി അപകടഭീഷണി ഉയർത്തിയതായ പരാതിയെത്തുടർന്ന് മണ്ണിട്ട് നികത്തി. കഴിഞ്ഞ മൂന്ന് ദിവസമായി രാത്രി കാലങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് കുന്നിൽ മുകളിൽ നിന്നുള്ള ശക്തമായ ഒഴുക്കിൻ്റെ ആഘാതത്തിൽ കുഴിയോട് ചേർന്നുള്ള കെട്ടിടങ്ങൾക്കടക്കം ഭീഷണിയാവുന്ന തരത്തിൽ മണ്ണിടിഞ്ഞ് താഴ്ന്നിരുന്നു.

ശക്തമായി ഒഴുകിയ മഴവെള്ളം തൊട്ടുള്ള പീടികയ്ക്കകത്തേക്ക് കയറി തുണിത്തരങ്ങളും ഡെക്കറേഷൻ സാധനങ്ങളും നശിച്ചു. പരിസരവാസികളുടെയും നാട്ടുകാരുടെയും പരാതിയെത്തുടർന്ന് ന്യൂമാഹി വില്ലേജ് ഓഫീസർ എത്തി പരിശോധന നടത്തിയ ശേഷം പ്രവൃത്തി തടഞ്ഞു. അശാസ്ത്രീയമായി എടുത്ത കുഴി മണ്ണിട്ട് പൂർവ്വ സ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ ദേശീയ പാതക്കും റെയിൽപാളത്തിനും അടിഭാഗത്തു കൂടെ എടുക്കുന്നതിൻ്റെ മുന്നോടിയായുള്ള പ്രവൃത്തിക്കാണ് വലിയ കുഴിയെടുത്തത്.

വളരെ പുതിയ വളരെ പഴയ