മാഹി: പ്രാദേശിക യാത്രകള്‍ക്ക് ബസുകളുടെ അപര്യാപ്തയില്‍ മാഹി ജനത ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങള്‍ പിന്നിടുമ്പോഴും ആസൂത്രണത്തിലെ പിഴവ് തുടരുന്നു.
മാഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പന്തക്കലിലേക്കും തലശ്ശേരിയിലേക്കുമാണ് ബസ് സർവീസുകള്‍. പി.ആർ.ടി.സിക്കും മാഹി ട്രാൻസ്പോർട്ട് സഹകരണ സൊസൈറ്റിക്കും നാല് വീതം ബസുകളാണുള്ളത്.
കാലപ്പഴക്കത്താല്‍ പി.ആർ.ടി.സിയുടെ വലിയ ബസുകള്‍ക്ക് പകരം 18 സീറ്റുകളുള്ള രണ്ട് ബസുകളാണ് നിലവില്‍ ഓടിക്കൊണ്ടിരിക്കുന്നത്.
10 വീതം കണ്ടക്ടർമാരും ഡ്രൈവർമാരും വേണ്ടിടത്ത് ആകെയുള്ള രണ്ട് പേരില്‍ ഒരാള്‍ മെഡിക്കല്‍ ലീവിലും മറ്റേയാള്‍ കുടുംബ പ്രശ്നത്തിലും ലീവായതിനെ തുടർന്ന് രണ്ട് ബസും മിനി സിവില്‍ സ്റ്റേഷനില്‍ വിശ്രമത്തിലായത് യാത്രക്കാർക്ക് വിനയായി. ദിവസങ്ങള്‍ക്കു ശേഷം ഒരു ഡ്രൈവർ എത്തിയത് യാത്രികർക്ക് തെല്ലൊരാശ്വാസമായിട്ടുണ്ട്.
മാഹി സിവില്‍ സ്റ്റേഷൻ മുറ്റത്ത് ഡ്രൈവർ ഇല്ലാത്തതിനാല്‍ നിർത്തിയിട്ട പി.ആർ.ടി.സി ബസ്
രണ്ട് ബസുകള്‍ കൂടി വേണമെന്ന രമേശ് പറമ്പത്ത് എം.എല്‍.എയുടെ നിരന്തര ഇടപെടലിനെ തുടർന്ന് പുതുച്ചേരിയില്‍ നിന്ന് ബസുകള്‍ അനുവദിച്ച് മാഹിയിലെത്തിച്ചെങ്കിലും ഉള്‍പ്രദേശങ്ങളിലെ വീതി കുറവും കയറ്റവുമുള്ള റോഡുകളില്‍ സർവിസ് നടത്താൻ കഴിയാത്ത നീളൻ ലോ ഫ്ലോർ ബസുകളാണ് എത്തിയത്.
ഹമ്പുകള്‍ കയറിയിറങ്ങാനും ബുദ്ധിമുട്ടും. തലശ്ശേരിയിലെ വർക്ക്ഷോപ്പുകളിലാണ് റിപ്പയറിനായി പി.ആർ.ടി.സി കൊണ്ടു പോകുക. ബസിനടിയിലേക്ക് കയറാൻ തൊഴിലാളികളെ കിട്ടുകയില്ല.
റാമ്പ് സൗകര്യമുള്ള വർക്ക് ഷോപ്പ് തലശ്ശേരിയിലില്ലാത്തതുമാണ് ലോ ഫ്ലോർ ബസുകള്‍ സ്വീകരിക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്. ഇത് മാറ്റി 18 സീറ്റുകളുള്ള ബസ് നല്‍കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും കുറവ് പരിഹരിക്കാൻ താല്‍ക്കാലിക നിയമനത്തിന് മാഹിയിലെ സഹകരണ സൊസൈറ്റിയോട് ഉദ്യോഗാർഥികളുടെ ലിസ്റ്റ് ആവശ്യപ്പെട്ടതായാണ് അറിയുന്നത്.
അഞ്ച് കണ്ടക്ടർമാരെയും ഏഴ് ഡ്രൈവർമാരെയുമാണ് നിയമിക്കുന്നത്. നിലവിലുള്ള കണ്ടക്ടർമാരില്‍ മൂന്ന് പേർ മാസങ്ങള്‍ക്കുള്ളില്‍ വിരമിക്കുമ്പോഴും ബസ് കട്ടപ്പുറത്താകുമോയെന്ന പേടിയിലാണ് യാത്രികർ.
മാസത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രം പുതുച്ചേരിയില്‍ നിന്ന് മാഹിയില്‍ ഡ്യൂട്ടിക്കെത്തുന്ന മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറുടെ അംഗീകാരം ലഭിച്ചാല്‍ മാഹിയിലെ പ്രാദേശിക ബസ് സർവിസിന് ജീവൻ വെക്കും.
പൊതു സ്വകാര്യ പങ്കാളിത്വത്തില്‍ മാഹിക്കും യാനത്തിനും അഞ്ച് ഇലക്ടിക് ബസുകള്‍ മുഖ്യമന്ത്രി എൻ. രംഗസാമി ബജറ്റില്‍ 149ാമത് ഇനമായി പ്രഖ്യാപിച്ചതിനെ പ്രതീക്ഷയുമായാണ് മാഹി ജനത കാത്തിരിക്കുന്നത്