സിൽവർ ലൈൻ അർദ്ധ അതിവേഗപാത : അഴിയൂരിൽ പ്രതിഷേധം ശക്തമാക്കുന്നു

 


നിർജീവമായിരുന്ന സിൽവർ ലൈൻ സമരം അഴിയൂർ മേഖലയിൽ ശക്തമാക്കാൻ സമരസമിതി തീരുമാനം. കുറച്ച് കാലം നിർജീവാവസ്ഥയിലായിരുന്ന സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി കോഴിക്കോട്  വാർത്താ മാധ്യമങ്ങൾക്ക് മുന്നിൽ അനുകൂലമായി സംസാരിച്ചിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് കൊണ്ട് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര റെയിൽവെ വകുപ്പ് മന്ത്രി  അശ്വിനി വൈഷ്ണവ് വ്യകതമാക്കിയതിന് പിന്നാലെ കേരളത്തിലെ മുഴുവൻ സമരസമിതി യൂനിറ്റുകളും പ്രതിഷേധം ശക്തമാക്കിയിരുന്നു. അഴിയൂരിൽ ഇന്ന് 04.11.2024 ന് വൈകുന്നേരം മുക്കാളി ടൗണിൽ സമരസമിതി പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. കുടിയൊഴിപ്പിക്കപ്പെടുന്ന നിരവധി പേർ പ്രതിഷേധ പ്രകടനത്തിൽ അണിചേർന്നു.

പ്രതിഷേധ പ്രകടനത്തിന് ശേഷം ചേർന്ന യോഗത്തിൽ ഹംസ അഴിയൂർ സ്വാഗതം ആശംസിച്ചു സംസാരിച്ചു. സമരസമിതി അഴിയൂർ മേഖല ചെയർമാൻ ചെറിയ കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിൽവർ ലൈൻ വിരുദ്ധ സമര സമിതി സംസ്ഥാന കമ്മിറ്റി അംഗം  ടി .സി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കുറച്ച് കാലം അനങ്ങാപ്പാറ നയം സ്വീകരിച്ച  മുഖ്യമന്ത്രിയും സിൽവർ ലൈൻ കേരള സർക്കാർ ഒഴിവാക്കിയതല്ല എന്ന് പറഞ്ഞ കേന്ദ്ര മന്ത്രിയും ഇപ്പോൾ സങ്കേതികപ്രശ്നം പരിഹരിച്ച് നടപ്പിലാക്കുമെന്ന് പറയുന്നതിലെ രാഷ്ട്രീയയുക്തി മനസിലാകുന്നില്ലെന്നും മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കി. സിൽവർ ലൈനിനെതിരെ ഇതേവരെ  നടന്ന സമരങ്ങൾ പോലെയല്ല  ഇനിയാണ് സമര പരമ്പരകൾ കേരളം കാണാൻ പോകുന്നതെന്നും യാതൊരു കാരണവശാലും പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധ പരിപാടിയിൽ  പി.കെ.കോയ, നസീർ വീരോളി അഹമ്മദ് അത്താണിക്കൽ, ഇഖ്ബാൽ അഴിയൂർ,വിജയൻ കെ.പി, ഹംസ എരിക്കിൽ,രാജൻ തീർത്ഥം,രവീന്ദ്രൻ അമൃതംഗമയ, കെ.വി.ബാലകൃഷ്ണൻ, സ്മിത സരയു, രമ കുനിയിൽ, എം.കെ.ആരിഫ,സജ്ന. സി.കെ, ഷിമി അഴിയൂർ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ