മയ്യഴി ഉത്സവ് - 2024' ത്രിദിന കലോത്സവം സംഘടിപ്പിക്കുന്നു

 


മാഹി: മയ്യഴിയുടെ കലാ - സാംസ്ക്കാരിക രംഗത്ത് സർഗ്ഗാത്മകതയുടെ പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ, പുതുച്ചേരി കലാസാംസ്ക്കാരിക വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നവമ്പർ 9 10,, 11 തിയ്യതികളിൽ മാഹിയിൽ ത്രിദിന മയ്യഴി ഉത്സവ് - 2024 സംഘടിപ്പിക്കുമെന്ന് രമേശ് പറമ്പത്ത് എംഎൽഎയും റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാറും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മയ്യഴി മേഖലയിലെ വിവിധ കലാ-സാംസ്ക്കാരിക -സംഘടനകളിലൂടെ വളർന്നു വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും, അവരുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനും, അതിശയം ജനിപ്പിക്കുന്ന, മൗലികത നിറഞ്ഞ രചനകൾ യുവ പ്രതിഭകളുടെ കരാംഗുലികളുടെ സ്പർശം തിരിച്ചറിയാനും വേദിയൊരുങ്ങുന്നു.

മാഹി ജെ.എൻ ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് ദിവസങ്ങളിലും, ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂളിൽ ആദ്യ രണ്ടു ദിവസങ്ങളിലുമാണ് കലാവേദികളൊരുങ്ങുന്നത്.

മാഹിയിലെ ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് കൊണ്ട് പുഴയോര നടപ്പാതയിൽ ജല ഛായ/ ഓയിൽ / അക്രിലിക്/ മ്യൂറൽ വിഭാഗങ്ങളിലായി ചിത്രകലാ കേമ്പ് സംഘടിപ്പിക്കും.ഇതേ ദിവസങ്ങളിൽ കലാ-സാംസ്ക്കാരിക വകുപ്പിൻ്റെ നേതൃത്വത്തിൽ ഇ വത്സരാജ് സിൽവർ ജൂബിലി ഹാളിൽ തഞ്ചാവൂർ പെയിൻ്റിംഗ് സിൻ്റെ ശിൽപ്പശാലയും നടക്കും.

മയ്യഴി ഉത്സവിൻ്റെ ഉദ്ഘാടനം 9ന് വൈ .. 7 മണിക്ക് മാഹി ജെ.എൻ.ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന വേദിയിൽ പുതുച്ചേരി കലാസാംസ്ക്കാരിക മന്ത്രി തിരു: പി.ആർ.എൻ. തിരു മുരുകൻ നിർവ്വഹിക്കും. കലാ-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും' ചലച്ചിത്ര നടിയും പ്രമുഖ നർത്തകിയുമായ രചനാ നാരായണൻകുട്ടിയുടെ നൃത്തരാവ് അരങ്ങേറും.

മയ്യഴി ഉത്സവിൻ്റെ മുന്നോടിയായി മേഖലയിലെ വിദ്യാർത്ഥികൾക്കായി പ്രസംഗ / ചിത്രരചനാ മത്സരവും നടത്തും.

വളരെ പുതിയ വളരെ പഴയ