ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ അഴീക്കൽ, പ്രസ്സ് വളപ്പ്, കുറിച്ചിയിൽ കടപ്പുറം എന്നിവിടങ്ങളിൽ രൂക്ഷമായ കടലേറ്റമുണ്ടായി. ബുധനാഴ്ച രാവിലെ 9.45 ഓടെയാണ് കടലേറ്റം ഉണ്ടായത്. കടലേറ്റം രണ്ട് മണിക്കൂറിലേറെ നീണ്ടുനിന്നു. ഈ പ്രദേശങ്ങളിലെ പത്ത് വീടുകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. ഇവരെ മാറ്റിപ്പാർപ്പിച്ചു.
ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്ത്തു, പഞ്ചായത്ത് അംഗങ്ങളായ ടി.എ. ഷർമിരാജ്, വി.കെ. മുഹമ്മദ് തമീം, ശഹദിയ മധുരിമ, തലശ്ശേരി തഹസിൽദാർ എം.വിജേഷ്, ഡെപ്യൂട്ടി തഹസിൽദാർമാര്‍ വി. ബിനീഷ് കുമാർ, വി. രാജേഷ്, ന്യൂമാഹി വില്ലേജ് ഓഫീസർ കെ.കെ. ദീപു, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പി.വി. പ്രശാന്ത്, ന്യൂമാഹി പോലീസ് എന്നിവര്‍ സ്ഥലം സന്ദർശിച്ചു. പത്തോളം വീട്ടുകാരെ മാറ്റി താമസിപ്പിച്ചു.
വർഷങ്ങളായി കടലേറ്റ ഭീഷണി നിലവിലുള്ള ഈ പ്രദേശത്ത് ഇതിന് ശാശ്വത പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഇവിടെ ചില ഇടങ്ങളിൽ കടൽഭിത്തി ഉയരം കുറവാണ്. കടൽഭിത്തി ഉയരം വർധിപ്പിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യം ഇത് വരെ പരിഗണിക്കപ്പെട്ടിട്ടില്ല.