മലബാറിലെ ആദ്യ ബസിലിക്കയായ മാഹി ബസിലിക്കയിൽ അത്ഭുത പ്രവർത്തകയായ ആവിലായിലെ അമ്മ ത്രേസ്യയുടെ തിരുനാൾ മഹോത്സവം ഒൻപതാം ദിവസം പിന്നിടുമ്പോൾ നാനാ ജാതി മതസ്ഥരും വിദൂരസ്ഥരുമായ അനേകം തീർത്ഥ ജനങ്ങളെ അത്ഭുതാനുഗ്രഹങ്ങളാൽ സംതൃപ്തരാക്കുന്ന മാഹി അമ്മയുടെ മാധ്യസ്ഥം തേടി അനേകായിരം വിശ്വാസികളാണ് ദേവാലയത്തിലേക്ക് ഒഴുകിയെത്തിയത്.
മൂന്നു മണിക്ക് റവ. ഫാ. പാസ്കൽ ന്റെ കർമികത്വത്തിൽ തമിഴ് ഭാഷയിൽ ദിവ്യബലി നടന്നു. നിരവധി വിശ്വാസികൾ തമിഴ് ദിവ്യബലിയിൽ പങ്കെടുക്കുകയുണ്ടായി.
തിരുനാളിന്റെ ഒമ്പതാം ദിവസമായ ഇന്ന് വൈകിട്ട് മോസ്റ്റ് റവ. ഡോ. ഫ്രാൻസിസ് കലിസ്റ്റ് പിതാവിനെ ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ വച്ച് റവ. മോൺ. ജെൻസൻ പുത്തൻവീട്ടിൽ പൂമാലയണിയിച്ച് സ്വീകരിച്ചു.പാരിഷ് കൗൺസിൽ അംഗങ്ങളും തിരുനാൾ ആഘോഷ കമ്മിറ്റി അംഗങ്ങളും, വിശ്വാസികളും സന്നിദ്ധരായിരുന്നു. അഞ്ചരയ്ക്ക് ജപമാല നടത്തി . ആറുമണിക്ക് പോണ്ടിച്ചേരി അതിരൂപത മെത്രാൻ മോസ്റ്റ് റവ. ഡോ . ഫ്രാൻസിസ് കലിസ്റ്റ് ന്റെ മുഖ്യ കാർമികത്വത്തിൽ ഇംഗ്ലീഷ് ഭാഷയിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. തുടർന്ന് നൊവേന, വിശുദ്ധ അമ്മത്രേസ്യയുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം എന്നിവ നടന്നു. സെന്റ് ആന്റണിസ് കുടുംബ യൂണിറ്റ് ദിവ്യബലിക്ക് നേതൃത്വം വഹിച്ചു.
തിരുന്നാളിന്റെ പ്രധാന ദിനമായ ഒക്ടോബർ 14 തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ജപമാല ഉണ്ടായിരിക്കും. ആറുമണിക്ക് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ മോസ്റ്റ് റവ. ഡോ. ആന്റണി വാലുങ്കൽ ന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും, നൊവേനയും, അമ്മത്രേസ്യ പുണ്യവതിയുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗര പ്രദക്ഷിണവും തുടർന്ന് പരിശുദ്ധ കുർബാനയുടെ ആരാധനയും ഉണ്ടായിരിക്കും.
ഒക്ടോബർ 15 ചൊവ്വാഴ്ച പുലർച്ചെ ഒരു മണി മുതൽ രാവിലെ 7 മണി വരെ ശയന പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്.