മാഹി തിരുനാൾ: 14-നും 15-നും ഗതാഗത നിയന്ത്രണം.


മയ്യഴി: മാഹി സെയ്ന്റ് തെരേസ ബസിലിക്ക തീർഥാടനകേന്ദ്രത്തിലെ തിരുനാളിന്റെ ഭാഗമായി മാഹി പോലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മാഹി പോലീസ് സൂപ്രണ്ട് ജി.ശരവണൻ അറിയിച്ചു. തിരുനാളിന്റെ പ്രധാന ദിനങ്ങളായ 14, 15 തീയതികളിൽ തലശ്ശേരി ഭാഗത്തുനിന്നു വരുന്ന ബസ്, ലോറി മുതലായ വാഹനങ്ങൾ മുണ്ടോക്ക് റോഡ് വഴി റെയിൽവേ സ്റ്റേഷന്റെ മുൻവശത്തുകൂടി അഴിയൂർ ചുങ്കം ഭാഗത്തേക്ക് പോകണം.

വടകര ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ മാഹി ഗവ. ഹോസ്പിറ്റൽ ജങ്ഷനിൽനിന്ന് ഇടതുഭാഗത്തേക്ക് തിരിഞ്ഞ് താഴങ്ങാടി റോഡ്, ടാഗോർ പാർക്ക് റോഡ് വഴി പോലീസ് സ്റ്റേഷന് മുൻവശത്ത് കൂടി കടന്ന് മാഹിപ്പാലം ഭാഗത്തേക്ക് പോകണം. മെയിൻ റോഡിൽ സെമിത്തേരി റോഡ് ജങ്ഷൻ മുതൽ ഗവ. ആശുപത്രി ജങ്ഷൻ വരെയും വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കില്ല. വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ മാഹി കോളേജ് ഗ്രൗണ്ട്, മഞ്ചക്കൽ ഇൻഡോർ സ്റ്റേഡിയം, ടാഗോർ പാർക്കിന്റെ തെക്കുവശം, ഗവ. ഗസ്റ്റ് ഹൗസിനു വേണ്ടി നീക്കിവെച്ച സ്ഥലം എന്നിവ ഉപയോഗിക്കാം.

പോക്കറ്റടി, മോഷണം, ചൂതാട്ടം തുടങ്ങിയവ തടയാൻ പ്രത്യേക ക്രൈംസ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ദേവാലയത്തിനകത്ത് മൊബൈൽ ഫോൺ, കടലാസ്‌പൊതികൾ, ബാഗ് തുടങ്ങിയവ അനുവദിക്കില്ല.

മാഹി ടൗണിൽ മദ്യശാലകൾ പ്രവർത്തിക്കില്ല. അനധികൃത മദ്യവിൽപ്പന തടയാനും ആവശ്യമായ നടപടി സ്വീകരിച്ചു. കേരള പോലീസ് ബോംബ് സ്ക്വാഡിന്റെ സഹായവും ഉണ്ടാകും. കേരള പോലീസിന്റെ വടകര, തലശ്ശേരി എന്നിവിടങ്ങളിൽനിന്നുള്ള ക്രൈം ടീമിന്റെ സഹായവും ലഭിക്കും. പത്രസമ്മേളനത്തിൽ സർക്കിൾ ഇൻസ്പെക്ടർ ആർ.ഷൺമുഖം, എസ്.ഐ. കെ.സി.അജയകുമാർ എന്നിവരും പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ