മാഹിയുടെ സമീപ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ബോംബ് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സ്ഫോടക വസ്തുക്കളും ആയുധങ്ങളും സൂക്ഷിക്കുന്നത് തടയാനായി മാഹി പോലീസ് ചെറുകല്ലായി, ചാലക്കര പള്ളൂർ, ഇരട്ടപിലാക്കൂൽ, ഈസ്റ്റ് പള്ളൂർ, ചെമ്പ്ര , വെസ്റ്റ് പള്ളൂർ എന്നിവിടങ്ങളിലാണ് വ്യാപകമായ പരിശോധന നടത്തിയത്. സബ്ബ് ഇൻസ്പെക്ടർ ജിയാസിൻ്റെ നേതൃത്വത്തിൽ കണ്ണൂർ ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും സ്ഫോടക വസ്തുക്കൾ തിരിച്ചറിയുന്നതിൽ പരിശീലനം നേടിയ പോലീസ് നായയായ ലക്സിയുടെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും പരിശോധനയ്ക്കെത്തിയിരിന്നു.
മാഹി പോലീസ് സൂപ്രണ്ട് ജി.ശരവണൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സർക്കിൾ ഇൻസ്പെക്ടർ ആർ. ഷൺമുഖം, സബ്ബ് ഇൻസ്പെക്ടർമാരായ അജയകുമാർ, റെനിൽകുമാർ, പി.പ്രദീപ് എന്നിവർ പങ്കെടുത്തു. ആൾ താമസമില്ലാത്ത വീടുകൾ, നിർമ്മാണം നിലച്ച കെട്ടിടങ്ങൾ, കുറ്റിക്കാടുകൾ എന്നിങ്ങനെ സാമൂഹ്യ വിരുദ്ധർ സ്ഥിരമായി തമ്പടിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും വാഹന പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും പോലീസ് സൂപ്രണ്ട് ജി.ശരവണൻ പറഞ്ഞു