മാഹി: പുതുച്ചേരി ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമായ മാഹിയിൽ വോട്ടെണ്ണുന്നതിന് എല്ലാ ക്രമീകരണങ്ങളും ചെയ്തതായി അസി. റിട്ടേണിങ് ഓഫീസറും അഡ്മിനിസ്ട്രേറ്റുമായ ഡി.മോഹൻകുമാർ അറിയിച്ചു.
മാഹി ജവഹർലാൽ നെഹ്‌റു ഗവ. ഹയർ സെക്കൻഡറി സ്കൂളാണ് വോട്ടെണ്ണൽ കേന്ദ്രം. തപാൽ ബാലറ്റ് 4 ന് രാവിലെ എട്ടിന് എ.ആർ.ഒ. മേശയിൽ എണ്ണും. 8.30ന് എട്ട് മേശകളിലായി ഇ.വി.എം എണ്ണൽ ആരംഭിക്കും. നാല് റൗണ്ട് വോട്ടെണ്ണൽ നടക്കും. ഇ.വി.എം. എണ്ണിക്കഴിഞ്ഞാൽ ക്രമരഹിതമായി തിരഞ്ഞെടുത്ത വിവി പാറ്റ് സ്ലിപ്പുകൾ വി.സി.ബി. ബൂത്തിൽ എണ്ണും.
35 കൗണ്ടിംഗ് ഉദ്യോഗസ്ഥരെ നിയമിച്ച് വോട്ടെണ്ണലിനായി പരിശീലനം നൽകിയിട്ടുണ്ട് മൂന്ന് രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പോലീസിന് പുറമെ സായുധസേനയും സുരക്ഷയൊരുക്കും.
ഓരോ മേശയിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസർ, ഒരു കൗണ്ടിംഗ് അസിസ്റ്റൻ്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരും ഉണ്ടാവും. തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാൽ മാത്രമേ സ്റ്റാഫ്/ഏജൻ്റുമാർക്ക് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.മൊബൈൽ ഫോൺ അനുവദിക്കില്ല. വോട്ടെണ്ണൽ കേന്ദ്രത്തിൽ ക്ലോക്ക് റൂം സജ്ജീകരിക്കും.
ഹാളിൽ ശരിയായ ബാരിക്കേഡ്/കമ്പിവലകൾ ഒരുക്കിയിട്ടുണ്ട്.കൗണ്ടിംഗ് ഹാളിനകത്തും പുറത്തും സി.സി.ടി.വി ക്രമീകരണം ചെയ്തിട്ടുണ്ട്.ഡിസ്പ്ലേ ബോർഡ്, പബ്ലിക് എന്നിവയിലൂടെ റൗണ്ട് തിരിച്ചുള്ള ഫലങ്ങൾ നൽകും.
വോട്ടെണ്ണലിന് ശേഷം, ഇ.വി.എം, വിവി പാറ്റ്, തിരഞ്ഞെടുപ്പ് പേപ്പറുകൾ എന്നിവ ജെ.എൻ.ജി.എച്ച്.എസ്.എസിലെ അതത് സുരക്ഷാ മുറികളിലേക്ക് മാറ്റും.