മാഹി-പള്ളൂർ നോർത്ത് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്‌കൂളിലെ ലോക സംഗീത ദിന ആഘോഷം കൊച്ചു കൂട്ടുകാർക്ക് പാടാനും ആടാനുമുള്ള ആഹ്ളാദ നേരമായി.നാടൻ പാട്ടുകൾ പാടിയും കവിതകൾ ഇണം ചേർത്തു ചൊല്ലിയും കുട്ടിപ്പാട്ടും നാടൻ പാട്ടും താളമിട്ടു പാടിയും ആടിയും ലോക സംഗീത ദിനം കൊച്ചു കൂട്ടുകാർ വേറിട്ട അനുഭവമാക്കി.
പ്രധാന അധ്യാപിക റീന ചാത്തമ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന ലോക സംഗീത ദിനാഘോഷ പരിപാടി ചലച്ചിത്ര പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കുട്ടിക്കാലത്തെ തൻ്റെ പാട്ടനുഭവങ്ങൾ പങ്കുവെച്ച് സംഗീത ആസ്വാദനത്തിലും സംഗീത പഠനത്തിലും കേൾവിക്കുള്ള പ്രാധാന്യത്തെ കുറിച്ചു മുസ്തഫ മാസ്റ്റർ കുട്ടികൾക്കു വിശദമാക്കി കൊടുത്തു.
വിവിധ പക്ഷി മൃഗാദികളുടെ ഗബ്ദങ്ങളിൽ നിന്നാണ് സപ്തസ്വരങ്ങളുണ്ടായത് എന്ന വസ്തുത സംഗീതവും പ്രകൃതിയും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ കുട്ടികൾക്കു പ്രേരണയായി.വിദ്യാലയത്തിലെ കായികാധ്യാപകനും അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ടുമായ സി. സജീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ സംഗീത ദിനാചരണത്തിൻ്റെ കലാശക്കൊട്ടിൻ്റെ ഭാഗമായി അനുഷിൻ ആന്റണി നയിച്ച ഡി.ജെ മ്യൂസിക്കിൻ്റെ ആവേശത്തിൽ കുട്ടികൾ ആടിത്തിമർത്തതോടെ സംഗീതം എല്ലാവരുടേതുമാണെന്ന സത്യം അടിവരയിടുന്ന ആഘോഷമായി ലോക സംഗീത ദിനാചരണം മാറി.
വിദ്യാലയത്തിലെ സംഗീത പ്രതിഭകളായ എൽ. കെ. ജി.വിഭാഗത്തിലെ ശ്യാം മാധവ്,മൂന്നാം ക്ലാസ്സുകാരി
എസ് ശിവകാമി എന്നീ കുട്ടികൾ ആലാപന ചാതുരി കൊണ്ടു സംഗീത ദിനാഘോഷത്തിലെ മിന്നും താരങ്ങളായി.ലോക സംഗീത ദിനാഘോഷ ഉദ്ഘാടന ചടങ്ങിനു ആർ.രാഖി സ്വാഗതവും ആർ. രൂപ നന്ദിയും പറഞ്ഞു.