മാഹി: വളഞ്ഞും പുളഞ്ഞും, കയറ്റവും കയറി മാഹി താണ്ടുക എന്നത് ഡ്രൈവർമാർക്ക് എന്നും പരീക്ഷണമായിരുന്നു.കൂടുതലും ഇന്ധനം നിറയ്ക്കാനായി മാഹി കയറുന്നവർ, കൂടെ വിലക്കുറവിൽ മദ്യവും വാങ്ങാം. എന്നാലിനി ഇന്ധനത്തിനായി കഷ്‌ടപ്പെട്ട് മാഹിയിൽ പോവേണ്ടി വരില്ല
മുഴപ്പിലങ്ങാട് – അഴിയൂർ ബൈപ്പാസിൽ ഈസ്റ്റ് പള്ളൂരിലെ സിഗ്നലിൽ നിന്നുള്ള സർവ്വീസ് റോഡുകളിൽ ഇരു ഭാഗത്തുമായി ഒമ്പത് പെട്രോൾ പമ്പുകളാണ് പ്രവർത്തനം തുടങ്ങാനൊരുങ്ങുന്നത്.
മയ്യഴിയുടെ ഭാഗമായ ഇവിടെ മൂന്ന് പെട്രോൾ പമ്പുകളുടെ നിർമ്മാണം ഇതിനകം തുടങ്ങിയിട്ടുണ്ട്. രണ്ടെണ്ണത്തിന്റെ പ്രവൃത്തി പകുതിയിലേറെയായി. ഒരെണ്ണം ഹിന്ദുസ്ഥാൻ പെട്രോളിയത്തിൻ്റേതും മറ്റേത് റിലയൻസ് ജിയോ ബി.പി യുടേതുമാണ്. സർവ്വീസ് റോഡുകളുടെ ഇരുഭാഗത്തുമായി ഒന്ന് വീതം ഇവ ജൂലായ് അവസാനത്തോടെ പ്രവർത്തനം തുടങ്ങും. ബാക്കിയുള്ള ആറെണ്ണം അനുമതിയുടെ വിവിധ ഘട്ടങ്ങളിലാണ്. എട്ടോ ഒമ്പതോ മാസം കൊണ്ടും ഇവയും പ്രവർത്തിച്ചു തുടങ്ങുമെന്നാണ് കരുതുന്നത്. നാല് പെട്രോൾ പമ്പുകൾക്ക് കൂടിയുള്ള ശ്രമങ്ങൾ നടക്കുന്നു. സർവ്വീസ് റോഡിൽ പെട്രോൾ പമ്പുകൾ സർവ്വീസ് റോഡിൽ പെട്രോൾ പമ്പുകൾ തുറക്കുന്നതോടെ ഇന്ധനം നിറക്കാനായി വാഹനങ്ങൾക്ക് മാഹി ദേശീയപാതയിലേക്ക് പോകേണ്ടി വരില്ല. ബൈപ്പാസ് തുറന്നതോടെ മാഹി നഗരത്തിലെ ചില പെട്രോൾ പമ്പുകളിൽ ഇന്ധന വില്പനയിൽ ചെറിയ കുറവ് വന്നപ്പോൾ പൂഴിത്തലയിലെയും പള്ളൂർ, പാറാലിലെയും ചില പമ്പുകളിൽ വില്പന വർധിച്ചിട്ടുണ്ട്. മാഹി മേഖലയിൽ ആകെ 17 പെട്രോൾ പമ്പുകളാണുള്ളത്. ഇതിൽ മാഹി നഗരത്തിലെ ഒരെണ്ണം അടുത്ത കാലത്ത് പൂട്ടിയിട്ടിട്ടുണ്ട്. മാഹി ദേശീയപാതയിൽ നിലവിൽ നാല് പമ്പുകളാണ് പ്രവർത്തിക്കുന്നത്. പന്തക്കൽ മൂലക്കടവ് പ്രദേശത്ത് അഞ്ച് പെട്രോൾ പമ്പുകൾ ഉണ്ട്. ഒരു പമ്പ് കൂടി കോപ്പാലം ഭാഗത്ത് ഉടനെ പ്രവർത്തനം തുടങ്ങുന്നുണ്ട്. ഇന്ധനത്തിനും മദ്യത്തിനും മാഹിയിൽ ലഭിക്കുന്ന വിലക്കുറവാണ് ആളുകളെ മാഹിയിലേക്ക് ആകർഷിക്കുന്നത്. നിലവിൽ പെട്രോളിന് കേരളത്തെ അപേക്ഷിച്ച് 13.83 രൂപയുടെയും ഡീസലിന് 12.84 രൂപയുടെയും
കുറവുണ്ട്. ഇപ്പോഴും ധാരാളം ലോറികൾ
ഉൾപ്പെടെയുള്ള വാഹനങ്ങൾ
അഴിയൂരിൽ നിന്ന് മാഹിയിലെത്തി ഡീസൽ നിറച്ച് പോകുന്നുണ്ട്. ബൈപ്പാസിൽ നിന്നും
മാഹിയിലെത്താനുള്ള മൂന്ന് സർവീസ്
റോഡുകൾ വഴിയും മാഹിയിലേക്ക് വിവിധ ആവശ്യങ്ങൾക്ക് വാഹനങ്ങൾ എത്തുന്നുണ്ട്.
മദ്യവില്പനയിലും കുറവ്:
മാഹി നഗരത്തിലേക്ക് വാഹനങ്ങൾ കുറഞ്ഞതോടെ മദ്യഷാപ്പുകളിലെ മദ്യവില്പനയിലും 20 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. പാറാൽ, പള്ളൂർ, പന്തക്കൽ മേഖലകളിൽ കുറവ് വന്നിട്ടില്ല. മാഹി മേഖലയിൽ ബാറുകളടക്കം ആകെ 60 മദ്യഷാപ്പുകളാണുള്ളത്.
പുതിയ ബൈപ്പാസ് റോഡിൽ നിന്നും മാഹിയിലെത്താനുള്ള മൂന്ന് റോഡുകളും ആളുകൾ പരിചയപ്പെടുന്നതോടെ കൂടുതൽ വാഹനങ്ങൾ മാഹിയിലെത്തുമെന്നാണ് കരുതുന്നത്. കൂടുതൽ വാഹനങ്ങൾ മാഹിയിലെത്തുന്നതോടെ മദ്യ വില്പന ക്രമേണ വർധിച്ചേക്കാമെന്ന് മദ്യഷാപ്പുകളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിച്ചു. അത് വരെ പുതുച്ചേരി സർക്കാരിന് ഇന്ധനവും മദ്യവും വില്പന കുറയുന്നതിനാലുള്ള നികുതി നഷ്ട്‌ടം സഹിക്കേണ്ടി വരും. അതേ സമയം മാഹിയിലെ ചില മദ്യഷാപ്പുകൾ ബൈപാസ് സർവ്വീസ് റോഡുകളിലേക്ക് മാറ്റി സ്ഥാപിക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. ഭൂമി ലഭിക്കാത്തതാണ് ഇതിന് തടസ്സമായി നിൽക്കുന്നത്. ഇവിടെ സ്ഥലമുടമകൾ ഭൂമിക്ക് വളരെ ഉയർന്ന വില ആവശ്യപ്പെടുന്നതിനാൽ ആവശ്യക്കാർ മടിച്ചു നിൽക്കുകയാണ്.