മാഹി: ആസന്നമായ ലോകസഭാ ഇലക്ഷൻ്റെ ഒന്നാം ഘട്ടം പോളിംഗ് നടക്കുന്ന പുതുച്ചേരി സംസ്ഥാനത്തിൻ്റെ ഭാഗമായ മാഹിയിൽ ഇന്ന് ഇരുമുന്നണികളുടെയും കലാശക്കൊട്ട് നടന്നു.
പൊതുവെ ചൂട് കൂടിയ കാലാവസ്ഥയിൽ തണുത്ത പ്രചരണമാണ് മാഹിയിൽ നടന്നത്
ഉദ്യോഗസ്ഥവൃന്ദങ്ങളുടെ തയ്യാറെടുപ്പും അതിർത്തികളിലെ ചെക്ക്പോസ്റ്റിലെ പരിശോധനയും, ഇടയ്ക്ക് വല്ലപ്പോഴും കടന്നു പോവുന്ന അനൗൺസ്മെൻ്റ് വാഹനവും മാത്രമാണ് മാഹിയിൽ ഒരു ഇലക്ഷൻ നടക്കുന്നുണ്ട് എന്ന കാര്യം ജനങ്ങളിൽ ഓർമ്മപ്പെടുത്തുന്നത്
ഇരുമുന്നണികളുടെയും സ്ഥാനാർത്ഥികൾ ഒരു തവണ പര്യടനം നടത്തിയതൊഴിച്ചാൽ കാര്യമായ പ്രചരണ പരിപാടികൾ ഇല്ലെന്ന് തന്നെ പറയാം
വീടുകയറിയുള്ള പ്രചരണത്തിന് എൻ ഡി എ സഖ്യം ഒരു തൂക്കം മുന്നിൽ നിന്നു.എന്നാൽ കലാശക്കൊട്ടിലെ റോഡ് ഷോയിൽ ഇന്ത്യ സഖ്യമായിരുന്നു സ്കോർ ചെയ്തത്.
മൂലക്കടവിൽ നിന്നുമാണ് ഇരുമുന്നണികളുടെയും റോഡ് ഷോ ആരംഭിച്ചത്
ഉച്ചയ്ക്ക് 12 മണിയോടെ ബി ജെ പി മാഹി മണ്ഡലം പ്രസിഡണ്ട് എ ദിനേശൻ ഉദ്ഘാടനം ചെയ്ത എൻ ഡി എ സഖ്യത്തിൻ്റെ റോഡ് ഷോ മാഹി പ്രഭാരി രവിചന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു.
സമാപന ചടങ്ങിൽ ബി ഗോകുൽ, എ ദിനേശൻ, രവിചന്ദ്രൻ, വിജയൻ പൂവച്ചേരി, കെ.ദയാനന്ദൻ, എൻ.ആർ. കോൺഗ്രസ് നേതാവ് വി.പി.അബ്ദുൾ റഹ്മാൻ എന്നിവർ പ്രസംഗിച്ചു
ഇന്ത്യ സഖ്യത്തിൻ്റെ റോഡ് ഷോ പന്തക്കൽ മൂലക്കടവിൽ നിന്നും ഇ വത്സരാജ് ഉദ്ഘാടനം ചെയ്തു.
മൂലക്കടവിൽ നിന്നാരംഭിച്ച റോഡ് ഷോ ഇരട്ടപ്പിലാക്കൂൽ,ചാലക്കര, ചെറുകല്ലായി മാഹിപ്പാലം, മഞ്ചക്കൽ ,മുണ്ടോക്ക്, പുത്തലം, ചൂടിക്കോട്ട, വളവിൽ എന്നിവിടങ്ങളിൽ സഞ്ചരിച്ച് വൈകീട്ട് മാഹി മുൻസിപ്പൽ മൈതാനിയിൽ സമാപിച്ചു
രമേഷ് പറമ്പത്ത്, കെ മോഹനൻ, അഹമ്മദ് ബഷീർ, റഷീദ് പി ടി കെ എന്നിവർ സംസാരിച്ചു
ഇന്നു മാഹിയിൽ നിശബ്ദ പ്രചരണമാണ്