മയ്യഴി : കണ്ണൂർ ജില്ലയിലെ പാനൂരിൽ പന്ത്രണ്ട് വർഷമായി പ്രവർത്തിക്കുന്ന ജൻവാണി 90.8 എഫ് എം കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ , മാഹി തീർത്ഥ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓഡിയോ ക്രാഫ്റ്റ് ശില്പശാല ശ്രദ്ധേയമായി. ശബ്ദത്തിന്റെയും അനുബന്ധ മേഖലകളുടേയും, ആശയ വിനിമയ- പ്രക്ഷേപണ തലത്തിലുള്ള സാദ്ധ്യതകളും തൊഴിലവസരങ്ങളും സൗജന്യ – ഏകദിന – ഓഡിയോ ക്രാഫ്റ്റ് ശില്പശാലയിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടു. — .”സ്വന്തം ശബ്ദം കൊണ്ട് താരമാകാം ” — എന്ന സന്ദേശമുണർത്തിയാണ് ,ജൻവാണി 90.8.എഫ് എം റേഡിയോയുടെ ആഭിമുഖ്യത്തിലുള്ള ജൻവാണി സ്കൂൾ ഓഫ് മീഡിയയിൽ ആരംഭിക്കുന്ന പരിശീലനത്തിന് മുന്നോടിയായി ശില്പശാല നടത്തിയത്.
റേഡിയോ ജോക്കി , റേഡിയോ പ്രൊഡ്യൂസർ ,
പോഡ്കാസ്റ്റർ , ഡബ്ബിങ്ങ് ആർട്ടിസ്റ്റ് , വോയ്സ് ഓവർ ആർടിസ്റ്റ് , യുട്യൂബർ , ബ്ലോഗർ , ഓഡിയോ ബുക്ക് നരേറ്റർ , കോപ്പി റൈറ്റർ , സ്റ്റാന്റ് അപ് പെർഫോമർ , കണ്ടന്റ് റൈറ്റർ , മീഡിയാ പ്രസന്റർ തുടങ്ങി നിരവധി രംഗങ്ങളിൽ തൊഴിലവസരസാദ്ധ്യത ഓഡിയോ ക്രാഫ്റ്റ് രംഗത്തെ പഠനത്തിലൂടെ സാദ്ധ്യമാണെന്ന് ശില്പശാല വിലയിരുത്തി. കാൽ നൂറ്റാണ്ട് കാലമായി പത്ര-ദൃശ്യ- ശ്രവ്യ- മാദ്ധ്യമ രംഗത്ത് പ്രവർത്തന പരിചയമുള്ള റേഡിയോ റിപ്പോർട്ടിങ്ങ് രംഗത്ത് സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ എൻ.കെ. കണ്ണൻ ശില്പശാലയിൽ ക്ലാസ്സ് നയിച്ചു. ജൻവാണി സ്റ്റേഷൻ ഡയരക്ടർ നിർമ്മൽ മയ്യഴിയുടെ അദ്ധ്യക്ഷതയിൽ ഗാനരചയിതാവ് അലി കോഴിക്കോട് ശില്പശാല ഉദ്ഘാടനം ചെയ്തു.
ജൻവാണി പ്രോഗ്രാം കോർഡിനേറ്റർ വി ഇ കുഞ്ഞനന്തൻ ആമുഖ ഭാഷണം നടത്തി. സിനിമ പിന്നണി ഗായകൻ മുസ്തഫ മാസ്റ്റർ , സോമൻ മാഹി , ജയിംസ് സി ജോസഫ് , ഉദയകുമാർ. കെ. ടി, എന്നിവർ ആശംസയർപ്പിച്ചു. കെ ആർ എം യു മാഹി-തലശ്ശേരി മേഖല പ്രസിഡണ്ട് എൻ.വി.അജയകുമാർ , ആർ ജെ നിമ്മി മുകുന്ദൻ , മജീഷ് തുടങ്ങിയവർ ശില്പശാലയിൽ സന്നിഹിതരായി. റേഡിയോ ജൻവാണിയുടെ ആഭിമുഖ്യത്തിൽ യുവതീ യുവാക്കളുടെ റേഡിയോ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന ‘ജൻവാണി യുവ ഡിജിറ്റൽ’ , സാംസ്കാരിക പരിപാടികൾക്ക് പ്രാമുഖ്യം നൽകുന്ന ‘ജൻവാണി ഉത്സവ്’ എന്നീ രണ്ട് ഓൺലൈൻ റേഡിയോ ചാനലുകൾ ജൂണിൽ ആരംഭിക്കുമെന്ന് ഡയര ക്ടർ നിർമ്മൽ മയ്യഴി അറിയിച്ചു.