കണ്ണൂർ: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ തലശ്ശേരി-മാഹി ബൈപാസ് തുറന്നതോടെ തിരക്കൊഴിഞ്ഞ് മാഹി. ജില്ല അതിർത്തിയായ അഴിയൂരില്‍നിന്ന് വാഹനങ്ങള്‍ ബൈപാസിലേക്ക് കടക്കുന്നതോടെ മാഹി വഴി പോകുന്നവയുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
ദീർഘദൂര യാത്രക്കാർ അധികവും ബൈപാസിനെയാണ് ഉപയോഗിക്കുന്നത്. ഇത് മാഹിയിലെ വ്യാപാര മേഖലയെ ബാധിക്കുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
നിലവില്‍ ദീർഘദൂര ബസുകള്‍ മാഹി വഴിയാണ് സർവിസ് നടത്തുന്നത്. ഇവ ബൈപാസ് ഉപയോഗപ്പെടുത്തിത്തുടങ്ങിയാല്‍ മാഹിയിലെ വ്യാപാര മേഖലക്ക് വൻ തിരിച്ചടിയാവും. പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെ മാഹിയില്‍ നികുതിയിലുള്ള വ്യത്യാസത്തെത്തുടർന്ന് മിക്ക സാധനങ്ങള്‍ക്കും സംസ്ഥാനത്തെ അപേക്ഷിച്ച് വിലക്കുറവാണ്. ദീർഘദൂര വാഹനങ്ങള്‍ ബൈപാസിലേക്ക് മാറിയത് പെട്രോള്‍ പമ്പുകളെ സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
അതേസമയം, മാഹിയിലെ ഗതാഗതക്കുരുക്കില്‍പെട്ട് സമയം നഷ്ടപ്പെടുന്ന ദീർഘദൂര ബസുകള്‍ക്ക് ബൈപാസ് ആശ്വാസമായിട്ടുണ്ട്. വടകര-കണ്ണൂർ യാത്രയിലെ പ്രധാന വെല്ലുവിളി മാഹിയിലും തലശ്ശേരിയിലുമുള്ള ഗതാഗതക്കുരുക്കായിരുന്നു. അതേസമയം, മേല്‍പാതയില്‍നിന്ന് മാഹിയിലേക്കിറങ്ങി സർവിസ് റോഡിലൂടെ യാത്ര ചെയ്യാൻ ഏറെ പ്രയാസപ്പെടുന്നതായി യാത്രക്കാർ പറയുന്നു. ജില്ല അതിർത്തിയോട് ചേർന്ന അഴിയൂർ ഭാഗത്തുനിന്ന് മാഹിയിലെത്താൻ അടിപ്പാതകളുണ്ടെങ്കിലും സർവിസ് റോഡിലേക്ക് കയറാനും ബുദ്ധിമുട്ട് ഏറെയാണ്. ഇരുചക്ര വാഹനങ്ങളുടെ അഭ്യാസ പറക്കലുകള്‍ പാതയിലെ നെഞ്ചിടിപ്പിക്കുന്ന കാഴ്ചയായിട്ടുണ്ട്.