മാഹി മേഖലയിൽ താത്കാലിക ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു

പന്തക്കൽ : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലെ അതിർത്തിപ്രദേശങ്ങളിൽ താത്കാലിക ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു. പന്തക്കൽ പ്രദേശത്തെ അതിർത്തിയായ മാക്കുനിയിലും കോപ്പാലത്തും ഓരോ ചെക്ക് പോസ്റ്റുകൾ നിലവിൽവന്നു. പൂഴിത്തലയിലും മാഹി പാലത്തിന് സമീപവും പള്ളൂർ പാറാലിലും ചൊക്ലി ഗ്രാമത്തിയിലുമാണ് മറ്റ് ചെക്ക് പോസ്റ്റുകൾ. ഇവിടങ്ങളിൽ വാഹനപരിശോധന കർശനമാക്കിയിട്ടുണ്ട്.

വാഹനങ്ങൾ വഴിയുള്ള അനധികൃത കടത്തുകളും ഇടപാടുകളും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ഓരോ ചെക്ക്പോസ്റ്റിലും ഒരു പോലീസുകാരനടക്കം മൂന്ന് ഉദ്യോഗസ്ഥരുണ്ട്. മൂന്ന് ഷിഫ്റ്റുകളായാണ് ഇതിൽ സർക്കാർ ജീവനക്കാർ ജോലിചെയ്യുന്നത്. തിരഞ്ഞെടുപ്പ് കഴിയുംവരെ 24 മണിക്കൂറും ഈ ചെക്ക്പോസ്റ്റുകൾ പ്രവർത്തിക്കും. പ്രദേശത്ത് 24 മണിക്കൂറും ചുറ്റിക്കറങ്ങുന്ന ഫ്ലയിങ് സ്ക്വാഡും പ്രവർത്തിക്കുന്നുണ്ട്.

മേഖലയിൽ മാഹി പോലീസ് സൂപ്രണ്ട് ശരവണന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം റൂട്ട് മാർച്ച് നടത്തി. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ ഒരു ബറ്റാലിയൻ കഴിഞ്ഞദിവസം മാഹിയിലെത്തി.

വളരെ പുതിയ വളരെ പഴയ