മാഹി: മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് പുതിയ പാത ഇന്നലെ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചതോടെ ഒട്ടേറെ വാഹനങ്ങൾ പുതിയ പാതയിലൂടെ കടന്നു പോകുകയാണ്. 20 മിനുട്ടിനകം 18.6 കിലോ മീറ്റർ ദൂരം താണ്ടാമെന്നാണ് മാഹി ബൈപ്പാസിൻ്റെ പ്രത്യേകത. തലശേരി-മാഹി പട്ടണങ്ങളിലെ കുരുക്കിൽ നിന്ന് രക്ഷപ്പെട്ട് പുതിയ പാതയിൽ കയറുന്ന വാഹനങ്ങൾ കൊളശേരിയിൽ സ്ഥാപിച്ച ടോൾ പ്ലാസയിൽ കുടുങ്ങുകയാണ്.
ഇന്നലെ വാഹനങ്ങളുടെ നീണ്ടനിര ടോൾ ബുത്തിൽ പ്രത്യക്ഷപ്പെട്ടു. ഫാസ്റ്റ് ടാഗ് സംവിധാ നം ഇല്ലാത്ത വാഹനങ്ങളാണ് ടോൾ ബൂത്തിലെ പ്രശ്‌നക്കാർ. ടോൾ ബുത്തിൽ എത്തുന്ന ഇത്തരം വാഹനങ്ങൾ ഇരട്ടി പൈസ നല്‌കണം. കാർ, ജീപ്പ് എന്നിവയ്ക്ക് 65 രൂപയുള്ളത് ഫാസ്റ്റ് ടാഗ് ഇല്ലെങ്കിൽ 130 രൂപ നല്‌കണം. ഇവിടെയാണ് ടോൾ ബുത്തിലെ ജീവനക്കാരുമായി ഡ്രൈവർമാർ വാക്ക് തർക്കത്തിലാകുന്നത്.
പണം നല്കാൻ മൊബൈൽ ആപ് തുറക്കണം. ഇതിനായി ക്യൂ നീണ്ടതോടെ ബഹളം ശക്തമായി. തലശേരി ഭാഗത്തുനിന്ന് പോലീസ് എത്തി വാഹനങ്ങൾ നിയന്ത്രിച്ചത്. കണ്ണൂർ – കോഴിക്കോട് ഭാഗത്തെ ദേശീയപാതയിൽ ഇപ്പോൾ ടൂൾ ബുത്തില്ല.
പുതിയ തലമുറയിലെ യുവാക്കൾ വാഹനവുമായി വരുമ്പോൾ ഇരട്ടി തുക ടോൾ ഈടാക്കുന്നതിൽ സംശയം ഉയർത്തുകയാണ്. ട്രാഫിക് തെറ്റിച്ച് പാതയിൽ കയറുന്നവരും വാഹനങ്ങൾ കുട്ടിയുരസുന്നതും പ്രശ്നത്തിന് വഴിവയ്ക്കുന്നുണ്ട്. പ്രശ്‌നത്തിന് പരിഹാരം വാഹനങ്ങൾ ഫാസ്റ്റ്ടാഗ് സംവിധാനത്തിലേക്ക് മാറുക മാത്രമാണ്.
ടോൾ ബുത്തിലെ ജീവനക്കാരിൽ മലയാളികളും, ഇതര സംസ്ഥാനക്കാരും ഉണ്ട്. ഉത്തർപ്രദേശിലെ ഒരു സ്വകാര്യ കമ്പനിയാണ് പുതിയ പാതയിൽ ടോൾ ബൂത്ത് നിർമിച്ചത്. ഇതേകമ്പനി തന്നെയാണ് കണ്ണൂർ വിമാനത്താവളത്തിലും ടോൾ ഗേറ്റ് സ്ഥാപിച്ചത്. പരിചയസമ്പന്നരായ ജീവനക്കാരാണ് ടോൾ പ്ലാസയിൽ ജോലി ചെയ്യുന്നത്. ഫാസറ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് കംപ്യൂട്ടർ ബിൽ നല്‌കുന്നതും ടോൾ ബൂത്തിൽ തിരക്ക് കുടുവാൻ കാരണമായിട്ടുണ്ട്.