മാഹി : പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് സർക്കാർ വിദ്യാലയങ്ങളിലെ 2023-24 അധ്യയവർഷത്തിലെ ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായി സൗജന്യമായി നൽകുന്ന ലാപ്ടോപ്പുകളുടെ മേഖലാ തല വിതരണ ഉദ്ഘാടനം രമേശ് പറമ്പത്ത് എംഎൽഎ നിർവഹിച്ചു. മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റീജിണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ അധ്യക്ഷത വഹിച്ചു .ചീഫ് എജുക്കേഷൻ ഓഫീസർ എംഎം തനൂജ, സമഗ്രശിക്ഷ എ.ഡി.പി.സി പി ഷിജു, സി.ഇ.ഭരതൻ ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മിസ്ട്രസ് ഇ എൻ അജിത എന്നിവർ സംസാരിച്ചു. മാഹിയിലെ നാലു ഹയർ സെക്കൻ്ററി വിദ്യാലയങ്ങളിലെ 973 വിദ്യാർത്ഥികളാണ് ലാപ്പ്ടോപ്പ് ഗുണഭോക്താക്കൾ. വിവിധ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കാണ് ഉദ്ഘാടന ചടങ്ങിൽ ലാപ്പ്ടോപ്പ് നൽകിയത്. മറ്റുള്ളവർക്ക് അതാത് സ്കൂൾ വൈസ് പ്രിൻസിപ്പാൾമാർ വരും ദിവസങ്ങളിൽ നൽകുമെന്ന് ചീഫ് എഡ്യുക്കേഷണൽ ഓഫീസർ അറിയിച്ചു.