മാഹി: ഇരുകാലുകൾക്കും ശേഷിയില്ലെങ്കിലും, ജീവിതത്തിൽ സ്വന്തം കാലുകളിൽ നിൽക്കാനുള്ള തത്രപ്പാടിലാണ് ഇരുമെയ്യാണെങ്കിലും, ഒരു മനമായി കഴിയുന്ന കൂത്തുപറമ്പുകാരി സജിത (39) യും ,കൊയ്യം വളക്കൈ സ്വദേശിനി മുപ്പത്തിയേഴുകാരി സീനത്തും ‘ .
ഇക്കഴിഞ്ഞ മയ്യഴി പള്ളി പെരുന്നാളിന് ഇവർ വീട്ടിൽ നിന്നും നിർമ്മിച്ച കുടകൾ, പലതരം സോപ്പുകൾ, ഹാൻ്റ് വാഷ്,ഫെനോയിൽ,
പേപ്പർ പേനകൾ തുടങ്ങി പലവിധ സാധനങ്ങൾ ഇരുവരും വിൽപ്പന നടത്തുന്നത് തീർത്ഥാടനത്തിനെത്തിയ ആയിരങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും, മാഹി സി.എച്ച്.സെന്റർ പ്രസിഡണ്ടുമായ എ.വി.യൂസഫിന്റേയും ശ്രദ്ധയിലേക്കും ഇവർ കടന്നു വന്നു. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത ഇവർ അദ്ധ്വാനിച്ചുണ്ടാക്കിയ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കാണാനിടയായി. ടയർ പൊട്ടിയ വിൽചെയറിലിരുന്ന് ഏറെ പ്രയാസത്തോടെ ഇവർ തങ്ങളുടെ ജീവിത കഥ പറഞ്ഞപ്പോൾ, രണ്ട് കുടുംബങ്ങളുടെ കണ്ണീരിൽ കുതിർന്ന ജീവിതാവസ്ഥയാണ് കേൾക്കാനായത്.
പയ്യന്നൂരിൽ ‘ ഫ്രീഢം ഫോർ ലിമിറ്റഡ് യൂത്ത് ‘ എന്ന സംഘടനയുടെ ത്രിദിന കേമ്പിൽ വെച്ചാണ് വളക്കൈയിലെ പി.വി.ഹൗസിൽ സീനത്തും, സൗത്ത് നരവൂരിലെ കണ്ണി പൊയിൽ സജിതയും കണ്ടുമുട്ടുന്നത്. രണ്ടാം വയസ്സിൽ പോളിയോ ബാധിച്ച ഇരുവരുടേയും ജീവിതത്തിന് ഏറെ സാമ്യതകളുണ്ട്. തുല്യ ദു:ഖിതരായ ഇരുവരും പിന്നിട് ആത്മമിത്രങ്ങളായിത്തീരുകയായിരുന്നു. സീനത്തിന്റെ ഭർത്താവും ഭിന്നശേഷിക്കാരനാണ്. ജോലി ചെയ്യാനാവില്ല. ഉമ്മയും അനുജനുമടങ്ങിയ ദരിദ്ര കുടുംബത്തിന്റെ സംരക്ഷണം മുഴുവൻ സീനത്തിന്റെ ചുമലിലായി. കൈത്തൊഴിലിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ സംഖ്യയും, ഓണം ഫെയർ പോലുള്ള ചന്തകളുമാണ് ഇവരുടെ ആശ്രയം.
മാഹി പള്ളി പെരുന്നാളിന് ഇതാദ്യമായാണ് ഇരുവരുമെത്തിയത്.ജനത്തിരക്കേറിയ ഉത്സവ പറമ്പുകളിൽ രാപകലില്ലാതെ ഇരിക്കേണ്ടി വരുമ്പോൾ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ പോലും കഴിയാതെ വരുന്ന പ്രയാസങ്ങളുണ്ടാവാറുണ്ട്. മയ്യഴിക്കാരുടെ സഹകരണം തങ്ങൾക്ക് ഏറെ പ്രചോദനമായെന്ന് ഇരുവരും പറഞ്ഞു. മയ്യഴിയിൽ താമസ സൗകര്യം വരെ സി.എച്ച് സെന്റർ ഏർപ്പെടുത്തിത്തന്നിരുന്നുവെന്ന് സജിത പറഞ്ഞു. തുല്യത പരീക്ഷയിൽ എസ്.എസ്.എൽ.സി. പാസ്സായ സജിത വൃദ്ധരായ രക്ഷിതാക്കളുടെ തണലിൽ പണി പൂർത്തിയാകാത്ത വീട്ടിലാണ് താമസിക്കുന്നത്.അവിവാഹിതയാണ്.
നവമ്പർ എട്ടാം തിയതി മുതൽ കടലുണ്ടിയിൽ നടക്കുന്ന ദീപാവലി ആഘോഷത്തിന് പോകാനുള്ള ഒരുക്കത്തിലാണ് ഇരുവരും. കൂത്തുപറമ്പ് നരവൂരിലെ സജിതയുടെ വീട്ടിലെത്തിയാണ് മാഹി സി.എച്ച്.സെന്റർ പ്രവർത്തകർ ഇരുവർക്കും വീൽ ചെയറുകൾ നൽകിയത്.
സെൻറർ പ്രസിഡണ്ട് എ.വി.യൂസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ലളിതമായ ചടങ്ങി മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു വീൽ ചെയറുകൾ കൈമാറി.ടി.ജി.ഇസ്മായിൽ, കെ.സുലൈമാൻ, അജ്മൽ നിഹാദ്, കെ.നംഷീർ, സി.പി.ഉബൈ സ് എ.വി.അൻസാർ, ഷക്കീർ സംബന്ധിച്ചു.