മാഹി ബൈപ്പാസ് 2024 ജനുവരി 31 ഓടെ പൂര്‍ത്തിയാക്കും.

മാഹി ബൈപ്പാസ് പ്രവൃത്തി 2024 ജനുവരി 31 ഓടെ പൂര്‍ത്തിയാക്കാന്‍ തീരുമാനം. ദേശീയ പാതാ വികസന പുരോഗതി വിലയിരുത്തുവാന്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. പ്രവൃത്തി 2024 ജനുവരി 31ഓടെ പൂര്‍ത്തിയാക്കുമെന്ന് ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. റെയില്‍വെ ഭാഗത്തെ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ പ്രവൃത്തികളും വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്നും ദേശീയ പാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇനി ഒരു കാരണവശാലും പ്രവൃത്തി നീട്ടേണ്ട സാഹചര്യം ഉണ്ടാകരുതെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

കോഴിക്കോട് ജില്ലയിലെ രണ്ട് സ്ട്രെച്ചുകളിലെ പ്രവൃത്തിയുടെ പുരോഗതിയും യോഗം വിലയിരുത്തി. വെങ്ങളം – രാമനാട്ടുകര റീച്ചിലെയും അഴിയൂര്‍ – വെങ്ങളം റീച്ചിലെയും പ്രവൃത്തി യോഗം പരിശോധിച്ചു. രണ്ടു റീച്ചിലേയും പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഫ്ലൈഓവറുകളുടെ പ്രവൃത്തി സമയക്രമത്തിനനുസരിച്ച് പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുവരുത്തുവാനും മന്ത്രി നിര്‍ദ്ദേശിച്ചു.

പദ്ധതി പുരോഗതി സംബന്ധിച്ച് നിശ്ചിത ഇടവേളകളില്‍ പരിശോധിക്കുന്നതിനുള്ള ക്രമീകരണം തുടരും. മന്ത്രിക്കു പുറമെ വകുപ്പ് സെക്രട്ടറി കെ ബിജു, കോഴിക്കോട് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, ദേശീയ പാതാ അതോറിറ്റി റീജിയണല്‍ ഓഫീസര്‍ ബി എല്‍ മീണ, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ