മാഹി: കാലപ്പഴക്കം കാരണവും ദീർഘകാലമായി ശാസത്രീയമായി അറ്റകുറ്റപ്പണി നടത്താത്തതിനാലും തകർച്ച നേരിടുന്ന മാഹിപ്പാലത്തിൻ്റെ പ്രശ്നങ്ങൾ ഹൈക്കോടതിയിൽ. പ്രവാസികളായ മയ്യഴിക്കാരുടെ നവ മാധ്യമക്കൂട്ടായ്മ മയ്യഴിക്കൂട്ടം നല്കിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. മൂന്ന് വർഷത്തിലേറെയായി പാലത്തിന് മുകളിൽ ശാസ്ത്രീയമായ അറ്റകുറ്റപ്പണികളൊന്നും നടന്നിട്ടില്ല. പാലത്തിൻ്റെ മേൽ ഭാഗം പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴികളും നിറഞ്ഞ് തകർച്ച രൂക്ഷമായതോടെ വാഹനഗതാഗതം ക്ലേശകരമായി. വാഹനങ്ങൾ ഇഴഞ്ഞിഴഞ്ഞ് പോകേണ്ടി വരുന്നതിനാൽ ഗതാഗതക്കുരുക്ക് പതിവായി. രോഗികൾ ഉൾപ്പെടെയുള്ളവർ നിരന്തരമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന യാത്രാദുരിതം അധികൃതർ അവഗണിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മയ്യഴിക്കൂട്ടം ഹൈക്കോടതിയിലെത്തിയത്.
പ്രതിഷേധം ഏറെ ശക്തമായതോടെയാണ് ഒരാഴ്ച മുമ്പ് അധികൃതൽ പാലത്തിന് മുകളിലെ കുഴികൾ അടച്ചത്. മഴ ശക്തമായതോടെ വീണ്ടും കുഴികൾ രൂപപ്പെട്ടു വരുന്നു.
പാലവും അനുബന്ധ ദേശീയപാതയും ശാസത്രീയമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതം സുഗമമാക്കുന്നത് വരെയോ തലശ്ശേരി-മാഹി ബൈപ്പാസ് തുറന്ന് കൊടുക്കുന്നത് വരെയോ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ടാങ്കര്‍ ലോറികൾ ഉൾപ്പെടെ ഗതാഗതക്കുരുക്കിന് കാരണമാകുന്ന ഭാരമേറിയതും നീളം ഏറെയുള്ളതുമായ വലിയ വാഹനങ്ങൾ മാഹിപ്പാലം വഴി കടന്ന് പോകുന്നത് നിയന്ത്രിക്കുക. നിലവിലുള്ള പാലത്തിന് സമാന്തരമായി പുതിപാലം നിർമിക്കുക, പാലം ശാസ്ത്രീയമായ അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിലുള്ളത്.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം, സുരക്ഷ എന്നിവ സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. അത് സംരക്ഷിക്കപ്പെടണം. ബന്ധപ്പെട്ട അധികൃതർ ഈ ഉത്തരവാദിത്തവും കടമയും നിർവ്വഹിക്കുന്നില്ല. പൊട്ടിപ്പൊളിഞ്ഞ റോഡും പാലവും കാരണം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയപ്പെടുന്നു. തകർന്ന റോഡുകൾ കാരണം അപകടങ്ങൾ ഉണ്ടാകുന്നു. യാത്രക്കാരുടെ ജീവനുകൾ റോഡിൽ പൊലിയുന്നു. ജനങ്ങൾക്ക് സുരക്ഷയും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പ് വരുത്തണമെന്ന് കൂടി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീം കോടതി അഭിഭാഷകൻ മനോജ് വി. ജോർജ് മുഖേനയാന്ന് പൊതു താല്പര്യ ഹർജി ഫയൽ ചെയ്തതെന്ന് മയ്യഴിക്കൂട്ടം ജനറൽ സെക്രട്ടറി ഒ.വി.ജിനോസ് ബഷീർ അറിയിച്ചു.
#tag:
Mahe