Skip to content
Menu

മതത്തിന്റെ പേരിലല്ല മതേതരത്വത്തിൻ്റെ പേരിലാണ് ഞങ്ങൾ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ; ഷാഫി പറമ്പിൽ.

കണ്ണൂർ : ഇന്ത്യ മഹാരാജ്യത്തെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടി ചെയ്യുന്ന ഓരോ വോട്ടും രാജ്യത്തെ ജനാധിപത്യ മതേതര മൂല്യങ്ങളെ വീണ്ടെടുക്കാനുള്ള കരുത്തായി മാറും. ഈ നാടിന്റെ ഐക്യവും സാഹോദര്യവും നിലനിർത്താൻ നടത്തുന്ന വോട്ടെടുപ്പ് എന്ന നിലക്ക് 20 പാർലമെന്റ് മണ്ഡലങ്ങളിലും ഐക്യ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യണമെന്നും പോളിംഗ് ബൂത്തിലേക്ക് പോകുന്നവർ ഇക്കാര്യം ഓർക്കണമെന്നും ഷാഫി ചൂണ്ടിക്കാട്ടി. ഇവിഎമ്മിൽ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സിൽ ഒന്നാമതാണെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം വടകരയിലെ വോട്ടർമാരെ ഓർമിപ്പിച്ചു.

‘ഈ നാട്ടിലെ രണ്ടു ഭരണകൂടങ്ങളും ജനങ്ങളെ വല്ലാതെ വെറുപ്പിച്ചിരിക്കുകയാണ്. ഭരണകൂടങ്ങളോടുള്ള പ്രതിഷേധം അറിയിക്കാനുള്ള അവസരം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. വടകരയിലെ ജനങ്ങൾ സമാധാനപരമായ ജീവിതവും സ്വസ്ഥമായ രാഷ്ട്രീയ പ്രവർത്തനവും ആഗ്രഹിക്കുന്നവരാണ്. ബോംബ് ഉൾപ്പടെയുള്ള രാഷ്ട്രീയത്തിനെതിരെ സമാധാനത്തിന് വേണ്ടി കൈപ്പത്തിക്ക് വോട്ടുചെയ്യണം’ ഷാഫി ജനങ്ങളോട് അഭ്യർത്ഥിച്ചു.

തെരഞ്ഞെടുപ്പിൻ്റെ അവസാന നിമിഷം പോലും വ്യാജ പ്രചാരണം നടത്തിയതിനെതിരെ വടകരയിലെ ജനങ്ങൾ വോട്ടുചെയ്യും. മതത്തിന്റെ പേരിലല്ല മതേതരത്വത്തിൻ്റെ പേരിലാണ് ഞങ്ങൾ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാജ്യത്തെ വീണ്ടെടുക്കുക എന്നതാണ് പ്രധാനം. ചൂടൊക്കെ സഹിക്കാം, രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് സഹിക്കാൻ കഴിയാത്തതെന്നും ഷാഫി കൂട്ടിച്ചേർത്തു.

മാഹി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..