ന്യൂ മാഹി (കണ്ണൂർ): തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള രചനാ മത്സരങ്ങൾക്ക് തുടക്കമായി. ഞായറാഴ്ച രാവിലെ 10 മണിക്ക് ന്യൂ മാഹി എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് പ്രശസ്ത ചിത്രകാരൻ കെ.എം. ശിവകൃഷ്ണൻ മാസ്റ്റർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള നിരവധി മത്സരാർത്ഥികൾ വിവിധ ഇനങ്ങളിൽ മാറ്റുരച്ചു.
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ. റീജ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. വിജു, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.എസ്. പ്രണവ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ടി.പി. ബിഷ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എ. ഷർമിരാജ്, വാർഡ് മെമ്പർ ഷർമില അഫ്സർ, വി.ഇ.ഒ അനുശ്രീ സദാനന്ദൻ എന്നിവർ സംബന്ധിച്ചു.
