ലോക തായ്ക്വോണ്ടോ ഫെഡറേഷന്റെ അംഗീകാരത്തോടെ ഇന്ത്യ തായ്ക്വോണ്ടോ സംഘടിപ്പിച്ച ജി1 ഇന്ത്യ ഇന്റർനാഷണൽ ഓപ്പൺ തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിന് പൂനെയിലെ ശ്രീ ശിവഛത്രപതി സ്പോർട്സ് കോംപ്ലക്സിൽ ആവേശകരമായ സമാപനം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറും കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മോഹോളും മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങിലായിരുന്നു ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം.
സീനിയർ, ജൂനിയർ, കേഡറ്റ് വിഭാഗങ്ങളിലായി നടന്ന പോരാട്ടങ്ങളിൽ ആതിഥേയരായ ഇന്ത്യ 52 സ്വർണ്ണവും 55 വെള്ളിയും 107 വെങ്കലവുമടക്കം ആകെ 214 മെഡലുകൾ വാരിക്കൂട്ടി മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ചാമ്പ്യൻഷിപ്പിൽ കേരളത്തിനും അഭിമാനകരമായ നേട്ടമാണ് സ്വന്തമാക്കാനായത്. അണ്ടർ-50 പൂംസേ വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള പൂംസേ ജോഡിയായ മാസ്റ്റർ സയ്യിദ് മുഹമ്മദ് ഫഹദും മാസ്റ്റർ സ്റ്റെഫി ജോർജും സ്വർണ്ണ മെഡൽ കരസ്ഥമാക്കി. അഴിയൂർ സ്വദേശിയായ മാസ്റ്റർ സയ്യിദ് മുഹമ്മദ് ഫഹദ് കഴിഞ്ഞ വർഷവും ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡൽ നേടി ശ്രദ്ധേയനായിരുന്നു.
അണ്ടർ-30 പൂംസേ വിഭാഗത്തിൽ അഹ്യാൻ ഷാനവാസ്, അബ്ദുൾ അസീം, മുഹമ്മദ് സായിദ് എന്നിവരടങ്ങിയ സംഘവും സ്വർണ്ണ മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമുയർത്തി. സ്വർണ്ണ മെഡൽ ജേതാക്കളായ ഈ മൂന്ന് താരങ്ങളും മാസ്റ്റർ ഫഹദ് അക്കാദമിയിലെ വിദ്യാർത്ഥികളാണ് എന്നത് നേട്ടത്തിന് ഇരട്ടിമധുരമായി.
ക്യോറുഗി (Kyorugi), പൂംസേ (Poomsae) എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ഇന്ത്യയ്ക്ക് പുറമെ ഓസ്ട്രേലിയ, ജപ്പാൻ, ഫ്രാൻസ്, പലസ്തീൻ, ഒമാൻ, ശ്രീലങ്ക, സിറിയ, യുഎഇ, നേപ്പാൾ, റഷ്യ, സൗത്ത് കൊറിയ, ക്രൊയേഷ്യ, അമേരിക്ക, അഫ്ഗാനിസ്ഥാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് താരങ്ങൾ പങ്കെടുത്തു. ഒളിമ്പിക്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിലേക്കുള്ള ലോക റാങ്കിംഗ് പോയിന്റുകൾ നിർണ്ണയിക്കുന്നതിൽ നിർണ്ണായകമായ 'ജി1' പദവിയുള്ള ടൂർണമെന്റ് ഇന്ത്യൻ താരങ്ങൾക്ക് വലിയ അവസരമാണ് നൽകിയത്.
