മാഹി: ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള മാഹി ജില്ലാ ടുബാക്കോ കൺട്രോൾ സെല്ലിന്റെ (ഡി.ടി.സി.സി) ആഭിമുഖ്യത്തിൽ 60 ദിവസം നീണ്ടുനിൽക്കുന്ന ടുബാക്കോ ഫ്രീ യൂത്ത് കാമ്പയിൻ 4.0 ന് ഒക്ടോബർ 28ന് തുടക്കമാകും.
കാമ്പയിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ 11 മണിക്ക് റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഓഫീസിൽ നിന്നും മാഹി ജനറൽ ആശുപത്രിയിലേക്ക് ബോധവൽക്കരണ വാക്കത്തോൺ സംഘടിപ്പിക്കും. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും. മദർ തെരേസ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളും ആരോഗ്യ പ്രവർത്തകരും ചടങ്ങിൽ അണിനിരക്കും.
മാഹിയിലെ വാർഡുകളെ പുകയില വിമുക്ത വാർഡുകളായി മാറ്റുക, വിദ്യാലയങ്ങളിൽ പുകയില വിരുദ്ധ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുക, പുകയില വിരുദ്ധ പരിശോധനകൾ ശക്തമാക്കുക എന്നിവയാണ് 60 ദിന തീവ്രയജ്ഞത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
