മാഹി: മാഹി നേരിടുന്ന വിവിധ ജനകീയ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ. കെ. ബഷീറിന്റെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്.
വിദ്യാലയങ്ങളിൽ ഒഴിവുവന്ന അധ്യാപക തസ്തികകളിലേക്ക്, പ്രത്യേകിച്ച് അറബിക് തസ്തികയിലേക്ക് ഉടൻ നിയമനം നടത്തുക, തകർന്നു കിടക്കുന്ന റോഡുകൾ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുക, അപകടാവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുക, തെരുവ് വിളക്കുകൾ പുനഃസ്ഥാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്.
മുസ്‌ലിം ലീഗ് ദേശീയ കൗൺസിൽ അംഗം ഇബ്രാഹിം കുട്ടി ചൊക്ലി, മണ്ഡലം കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഇഫ്തിയാസ്, നേതാക്കളായ ടി. കെ. സുബൈർ, എ. വി. യൂസഫ്, ഇ. കെ. മുഹമ്മദലി, എ. വി. അൻസാർ, കെ. റഹീം എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
