മൂലക്കടവിലെ മെഡിക്കൽ സ്‌റ്റോറിൽ നിന്ന് ലഹരി ഗുളികകൾ പിടികൂടി ഡിവൈഎഫ്ഐ പ്രവർത്തകർ; പ്രതികളെ പൊലീസിന് എല്പിച്ചു

മാഹി: മൂലക്കടവിൽ പ്രവർത്തിക്കുന്ന റോയൽ ഫാർമ എന്ന മെഡിക്കൽ ഷോപ്പിൽ നിന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാതെ യുവാക്കൾക്കും വിദ്യാർഥികൾക്കും മാരക ശക്തിയുള്ള ലഹരി ഗുളികകൾ വിൽക്കുന്നത് ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യോടെ പിടികൂടി. കടയിലുണ്ടായിരുന്ന മുഴുവൻ ലഹരി ഗുളികകളും വിൽപനക്കാരെയും പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

നേരത്തെയും ഡോക്ടറുടെ കുറിപ്പില്ലാതെ വീര്യം കൂടിയ മരുന്നുകൾ ഇവിടെനിന്ന് വിൽക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പെൺകുട്ടികളടക്കമുള്ളവർ ഈ കടയിൽ നിന്ന് ലഹരി ഗുളികകൾ വാങ്ങി ശീതളപാനീയങ്ങളിൽ കലർത്തി ഉപയോഗിക്കുന്നതായി സമീപത്തെ വ്യാപാരികളും വ്യക്തമാക്കിയിരുന്നു.

ഒരു കുട്ടിയുടെ കൈയിൽ നിന്ന് ലഹരി ഗുളിക കണ്ടെത്തിയ വീട്ടുകാർ വിവരം ഡിവൈഎഫ്ഐ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രവർത്തകർ ഒരാളെ കടയിലേക്ക് അയച്ച് ഡോക്ടറുടെ കുറിപ്പില്ലാതെ ഗുളിക വാങ്ങിയ ശേഷം കടക്കാരെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.

യുവാക്കളെയും വിദ്യാർഥികളെയും ലഹരിയുടെ പിടിയിലാക്കുന്ന ഒരു സ്ഥാപനവും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ പറഞ്ഞു. മൂലക്കടവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും അവർ വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ