മാഹി: മണപ്പുറം സമീക്ഷയുടെ നേതൃത്വത്തിൽ ഒ.എൻ.വി. കുറുപ്പിന്റെയും പി. ജയചന്ദ്രന്റെയും സ്മരണാർത്ഥം സംഘടിപ്പിച്ച സംസ്ഥാനതല കവിതാലാപന മത്സരത്തിൽ മയ്യഴി പള്ളൂർ സ്വദേശി ശാരീ കൃഷ്ണ ഒന്നാം സ്ഥാനം നേടി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിന്റെ ആദ്യഘട്ടം ഓൺലൈനായാണ് സംഘടിപ്പിച്ചത്. ഓൺലൈൻ റൗണ്ടിൽ നിന്ന് ഫൈനലിലേക്ക് യോഗ്യത നേടിയ ശാരീ കൃഷ്ണ, തൃശൂർ അന്തിക്കാട് വെച്ച് നടന്ന ഫൈനൽ പോരാട്ടത്തിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 5000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
വേദിയിലും അല്ലാതെയും കവിതാലാപന രംഗത്ത് സജീവമായ ശാരീ കൃഷ്ണ, മുൻപ് സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിരവധ തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ ആകാശവാണിയുടെ 'കാവ്യാഞ്ജലി' പരിപാടിയിൽ കാഷ്വൽ ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.
