ന്യൂ മാഹി: ലഹരിക്കെതിരെ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടപ്പിലാക്കിയ 'ഓപ്പറേഷൻ തൂഫാൻ' ലോകം ഉറ്റുനോക്കുന്ന പദ്ധതിയായി മാറിയെന്ന് മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ. കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് മയക്കുമരുന്ന് മാഫിയ കേരളത്തെ നാശത്തിലേക്ക് നയിച്ചുവെന്നും അതിനെതിരെയുള്ള പോരാട്ടത്തോടൊപ്പം സംസ്ഥാനത്തെ ക്രൈം ക്യാപിറ്റലാക്കാൻ ശ്രമിക്കുന്ന വാടക ഗുണ്ടകൾക്കും ക്വട്ടേഷൻ സംഘങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെരിങ്ങാടി - ന്യൂമാഹി സൗഹൃദ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി. ആസഫലിക്കും നൽകിയ പൗര സ്വീകരണം പെരിങ്ങാടി മൗലാന ആസാദ് ലൈബ്രറി അങ്കണത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഇരുവർക്കും ഉപഹാരം നൽകി ആദരിച്ചു.
സംഘാടക സമിതി ചെയർമാൻ പി.പി. വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ, വി.എ. നാരായണൻ, സജീവ് മാറോളി, അഡ്വ. പി.കെ. രവീന്ദ്രൻ, സലിം കുഞ്ഞി കണ്ടി, ടി.എച്ച്. അസ്ലാം, അസ്ലം പെരിങ്ങാടി, വാർഡ് മെമ്പർ ഹസീന, പി.സി. റിസാൽ എന്നിവർ സംസാരിച്ചു.
