ലഹരിക്കെതിരെ ഫുട്ബോളിന്റെ കരുത്തുമായി മാഹി;: ബോധവൽക്കരണ വീഡിയോ പ്രകാശനം ചെയ്തു


മാഹി: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് യുവതലമുറയെ ലഹരിയുടെ കറുത്ത ലോകത്തിൽ നിന്ന് കളിമുറ്റത്തിന്റെ ഹരിതാഭയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ സ്പോർട്സ് ക്ലബ്ബും ആന്റി നാർക്കോട്ടിക് ക്ലബ്ബും ചേർന്ന് തയ്യാറാക്കിയ ബോധവൽക്കരണ വീഡിയോ പ്രകാശനം ചെയ്തു. 

മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ മാഹി എം.എൽ.എ അഡ്വ.ടി.അശോക് കുമാർ വീഡിയോ പ്രകാശനം നിർവഹിച്ചു. മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ.അനിൽ കുമാർ, കായിക അധ്യാപകൻ സി.സജീന്ദ്രൻ സംസാരിച്ചു.

ടർഫ് ഗ്രൗണ്ടിൽ എം.എൽ.എ സേ നോ ടു ഡ്രഗ്സ് എന്ന സന്ദേശത്തോടെ അഡ്മിനിസ്ട്രേറ്റർക്ക് കൈമാറുന്ന ഫുട്ബോൾ, ചീഫ് എഡ്യുക്കേഷണൽ ഓഫീസർ, സർക്കിൾ ഇൻസ്പെക്ടർ, വിവിധ പോലീസ് സ്റ്റേഷനുകളിലെ സബ് ഇൻസ്പെക്ടർമാർ, ഡെപ്യൂട്ടി തഹസിൽദാർ, മുൻ സന്തോഷ് ട്രോഫി താരങ്ങൾ, കായിക അധ്യാപകർ എന്നിവരിലൂടെ കൈമാറി ഒടുവിൽ സ്കൂളിലെ ഫുട്ബോൾ താരം ശ്രീദേവ് ജി.പി.യുടെ കാലുകളിലെത്തി ലഹരിയുടെ കെണികളെ തകർത്തെറിഞ്ഞ് ലക്ഷ്യത്തിലേക്ക് കുതിക്കുന്നതാണ് വീഡിയോയുടെ പ്രമേയം. 

ബ്രയ്ക്ക് ദി ട്രാപ്പ് ഓഫ് ഡ്രഗ്സ് എന്ന സന്ദേശവുമായി മെസ്സി, റൊണാൾഡോ, നെയ്മർ എന്നിവരുടെ ജേഴ്സി ധരിച്ച കുട്ടികൾ മെഴുകുതിരി വെളിച്ചത്തിൽ ടീമുകളായി തിരിഞ്ഞാലും ലഹരിക്കെതിരെ നമ്മൾ ഒന്നാണ് എന്ന സന്ദേശം ഉയർത്തിയ ദൃശ്യവും ശ്രദ്ധേയമായി.. 

കുട്ടികളെ കളിക്കളങ്ങളിലേക്ക് തിരിച്ചുവിട്ട് ലഹരിയില്ലാത്ത സമൂഹം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീഡിയോ ഒരുക്കിയതെന്ന് മുഖ്യ സംഘാടകനും കായിക അധ്യാപകനുമായ സി.സജീന്ദ്രൻ പറഞ്ഞു.

 മാഹി ചീഫ് എഡ്യുക്കേഷണൽ ഓഫീസർ എം.എം.തനൂജ, വൈസ് പ്രിൻസിപ്പൽ ഇൻചാർജ് ഭാഗ്യലത ടീച്ചർ, ചിത്രകലാ അധ്യാപകൻ ടി.എം. സജീവൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ