അഴിയൂർ: തലശ്ശേരി-മാഹി ബൈപ്പാസിൽ അഴിയൂർ പഞ്ചായത്തിലെ പതിനേഴാം വാർഡിലൂടെ കടന്നുപോകുന്ന സർവീസ് റോഡ് നിർമാണം ജനങ്ങളെ ദുരിതത്തിലാക്കുന്നതായി പരാതി. അശാസ്ത്രീയമായ രീതിയിൽ ഉയരം കൂട്ടി റോഡ് നിർമിക്കുന്നത് കാരണം വീടുകളിലേക്ക് വാഹനങ്ങൾ കയറ്റാൻ കഴിയാത്ത അവസ്ഥയാണെന്ന് പരിസരവാസികൾ ആരോപിക്കുന്നു.
അഴിയൂർ ഹൈസ്കൂളിന് മുൻവശത്തുള്ള സർവീസ് റോഡ് നിർമാണമാണ് വിവാദത്തിലായിരിക്കുന്നത്. നിലവിലുള്ള വീട്ടുപറമ്പുകളെക്കാൾ രണ്ട് മീറ്ററിലധികം ഉയരത്തിലാണ് ഇവിടെ റോഡ് നിർമിക്കുന്നത്. റോഡിന്റെ അടിഭാഗത്തായി ഡ്രെയിനേജ് സംവിധാനം വരുന്നതാണ് ഇത്രയധികം ഉയരം കൂടാൻ കാരണം. റോഡ് ഉയരുന്നതോടെ ഈ പ്രദേശത്തെ വീടുകൾ താഴ്ന്ന നിലയിലാകുകയും വാഹന ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്യും. കൂടാതെ മഴക്കാലത്ത് വലിയ തോതിലുള്ള വെള്ളക്കെട്ടിനും ഇത് കാരണമാകുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം ഇവിടെ സർവീസ് റോഡ് നിർമാണം നേരത്തെ നീണ്ടുപോയിരുന്നു. ബൈപ്പാസ് തുറന്ന് മാസങ്ങൾ കഴിഞ്ഞാണ് ഇപ്പോൾ നിർമാണം ആരംഭിച്ചത്. റോഡിന്റെ ഉയരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ദേശീയപാതാ വിഭാഗം പ്രോജക്ട് ഡയറക്ടർക്കും മനുഷ്യാവകാശ കമ്മിഷനും നാട്ടുകാർ നിരന്തരം പരാതികൾ നൽകുന്നുണ്ടെങ്കിലും അധികൃതർ നിർമാണം തുടരുകയാണ്. ജനങ്ങളുടെ പ്രയാസം പരിഹരിക്കാൻ തയ്യാറാക്കിയ പഠന റിപ്പോർട്ട് നടപ്പിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
