അഴിയൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വടകര മണ്ഡലം യു.ഡി.എഫ് - ആർ.എം.പി.ഐ സ്ഥാനാർത്ഥി കെ.കെ. രമയുടെ പര്യടനത്തിന് മുക്കാളി ടൗണിൽ ആവേശകരമായ തുടക്കം. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ നടന്ന സ്വീകരണ യോഗം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മുക്കാളി ടൗണിലെ റോഡ് വികസനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ എം.എൽ.എ എന്ന നിലയിൽ സജീവമായി ഇടപെടാൻ സാധിച്ചതായി കെ.കെ. രമ മറുപടി പ്രസംഗത്തിൽ പറഞ്ഞു. വടകരയുടെ സമഗ്ര വികസനത്തിന് വരും വർഷങ്ങളിലും മുൻഗണന നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ യു.എ. റഹീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആർ.എം.പി.ഐ നേതാവ് എൻ. വേണു, വി.കെ. അനിൽകുമാർ, പി.പി. ജാഫർ, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, പി.പി. ഇസ്മായിൽ, ടി.സി. രാമചന്ദ്രൻ, വി.പി. പ്രകാശൻ, കെ. റംലത്ത്, ഹാരിസ് മുക്കാളി, ഷംസുദ്ദീൻ വെള്ളി കുളങ്ങര, കെ.പി. രവീന്ദ്രൻ, കെ.പി. വിജയൻ, സി. സുഗതൻ, പുരുഷു രാമത്ത്, നസീർ വിരോളി തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.
മുക്കാളിയിൽ നിന്നും ആരംഭിച്ച പര്യടനം കുഞ്ഞിപ്പള്ളി, അഴിയൂർ ചുങ്കം, മാഹി റെയിൽവേ സ്റ്റേഷൻ, കോറോത്ത് റോഡ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കല്ലാമലയിൽ സമാപിച്ചു.
