പള്ളൂർ ഗവൺമെന്റ് ആശുപത്രിക്ക് പുതുജീവൻ; ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന്


 പള്ളൂർ: മേഖലയിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ പള്ളൂർ ഗവൺമെന്റ് ആശുപത്രിയിൽ (കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ) അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബഹുനില മന്ദിരം ഉയരുന്നു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജനുവരി 19-ന് പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെ അധ്യക്ഷതയിൽ നടക്കും. പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ ഓൺലൈനായി ശിലാസ്ഥാപന കർമ്മം നിർവഹിക്കുമെന്ന് രമേശ് പറമ്പത്ത് എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആധുനിക സൗകര്യങ്ങൾ:

നിലവിൽ 30 കിടക്കകളുള്ള ആശുപത്രിയെ 50 കിടക്കകളുള്ള അത്യാധുനിക ചികിത്സാ കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ട നിർമ്മാണത്തിനായി 20.57 ലക്ഷം രൂപ അനുവദിച്ചു.

 * ജനറൽ മെഡിസിൻ, ഇ.എൻ.ടി, ഗൈനക്കോളജി, ഡെന്റൽ വിഭാഗങ്ങൾ.

 * സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം.

 * ഡിജിറ്റൽ ലാബ്, ഐ.സി.യു (ICU), അത്യാധുനിക ഓപ്പറേഷൻ തിയേറ്റർ.

 * വിശാലമായ പാർക്കിംഗ് സൗകര്യം.

ആശുപത്രി വികസനത്തിനായി നിലവിലുണ്ടായിരുന്ന മൃഗാശുപത്രിയുടെ സ്ഥലം ആരോഗ്യവകുപ്പിന് കൈമാറുകയും മൃഗാശുപത്രിക്ക് നഴ്‌സസ് ക്വാർട്ടേഴ്‌സിന് സമീപം പുതിയ സ്ഥലം അനുവദിക്കുകയും ചെയ്തു. ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി കെ. ലക്ഷ്മി നാരായണൻ മുഖ്യഭാഷണം നടത്തും. നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കുമെന്ന് എം.എൽ.എ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ