മാഹി ബസിലിക്ക തിരുനാൾ: ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിനും വിപുലമായ ക്രമീകരണം ഏർപ്പെടുത്തി; മാഹി എസ്.പി


മാഹി:  മാഹി സെൻ്റ് തെരേസാ ബസിലിക്കയിൽ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് മാഹി പോലീസ് ക്രമസമാധാനപാലനത്തിനും, ഗതാഗത നിയന്ത്രണത്തിനുമായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാതായി മാഹി പോലീസ് സൂപ്രണ്ട് ഡോ.വിനയകുമാർ ഗാഡ്ഗെ ഐ.പി.എസ് വാർത്ത സമേളനത്തിൽ അറിയിച്ചു. 

തിരുനാളിൻ്റെ പ്രധാന ദിനങ്ങളായ 14, 15 തിയ്യതികളിൽ മാഹി ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മുണ്ടോക്ക്, റെയിൽവെ സ്റ്റേഷൻ, അഴിയൂർ ചുങ്കം വഴി വടകര ഭാഗത്തേക്കും

വടകര ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്നും ദേശീയപാത ബൈപ്പാസ് റോഡ് വഴിയും ചെറിയ വാഹനങ്ങൾ മാഹി ഹോസ്‌പിറ്റൽ ജംഗ്ഷനിൽ നിന്നും താഴങ്ങാടി റോഡ്, ടാഗോർ പാർക്ക്, പോലീസ് സ്റ്റേഷൻ, മാഹി പാലം വഴി തലശ്ശേരി ഭാഗത്തേക്ക് പോവുന്ന രീതിയിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. 

സെമിത്തേരി റോഡ് ജംഗ്ഷൻ മുതൽ ആശുപത്രി ജംഗ്ഷൻ വരെ റോഡിൽ വാഹനങ്ങൾ പാർക്കു ചെയ്യാൻ അനുവദിക്കില്ല. മാഹി മൈതാനം, ഇൻഡോർ സ്റ്റേഡിയം, ടാഗോർ പാർക്കിൻ്റെ തെക്കുവശത്തെ സ്ഥലം എന്നിവിടങ്ങളിൽ പാർക്കിംങ്ങിനായി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

പോക്കറ്റടി, മോഷണം, ചൂതാട്ടം തുടങ്ങിയവ തടയുന്നതിനും, സ്ഥിരം കുറ്റവാളികളെ തിരിച്ചറിയുന്നതിനുമായി പ്രത്യേക ക്രൈം സ്വകാഡിനെ നിയോഗിച്ചിട്ടുണ്ട്. പുതുച്ചേരിയിൽ നിന്നും തിരുനാൾ ഡ്യൂട്ടിക്കായി കൂടുതൻ സേനാഗംങ്ങളെ വിന്യസിച്ചിട്ടുണ്ട്. 

സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ദേവാലയത്തിനകത്തേക്ക് മൊബൈൽ ഫോൺ, കടലാസു പൊതികൾ, ബാഗ് മറ്റ് സാമഗ്രികൾ തുടങ്ങിയ സാധനങ്ങൾ കൊണ്ടു പൊവാൻ അനുവദിക്കുന്നതല്ല. 

14 ന് മാഹി ടൗണിൽ മദ്യശാലകൾ പ്രവർത്തിക്കുന്നതല്ല, അനധികൃത മദ്യവിൽപ്പന തടയുന്നതിനു ഒപ്പം കുറ്റക്കാർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും, പ്രത്യേക സുരക്ഷ നടപടികൾക്കായി കേരള പോലീസിന്റെ ബോംബ് സ്ക്വാഡിൻ്റെ സഹായവും ഉണ്ടാവുമെന്നും വാർത്താ സമ്മേളനത്തിൽ സർക്കിൾ ഇൻസ്പെക്ടർ പി.എ.അനിൽ കുമാർ, സബ്ബ് ഇൻസ്പെക്ടർമാരായ സി.വി.റെനിൽ കുമാർ, ആർ.ജയശങ്കർ എന്നിവർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ