മാഹിയിൽ സിവിൽ സ്റ്റേഷൻ മുന്നിൽ പോത്തിനോട് പരിദേവനം നടത്തി വ്യാപാരികൾ; മാലിന്യ പ്രശ്നവും ഭരണ ശൂന്യതയും ചൂണ്ടിക്കാട്ടി ശക്തമായ മുന്നറിയിപ്പ്.
മാഹി :ഭരണസിരാ കേന്ദ്രമായ സിവിൽ സ്റ്റേഷൻ മുൻപിൽ പോത്തിനെ പ്രതീകമാക്കി വ്യാപാരികൾ സമരം നടത്തി. “പോത്തിനോട് വേദമോതുന്നത് പോലെ” ഭരണകൂടത്തിന്റെ പ്രതികരണം ഇല്ലാത്ത അവസ്ഥയിലാണ് വ്യാപാരികൾ പ്രതിഷേധം ശക്തമാക്കിയത്.
പുതുച്ചേരി ട്രേഡേഴ്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് കെ.കെ. അനിൽകുമാർ സമരം ഉദ്ഘാടനം ചെയ്തു. “ഞങ്ങൾ വോട്ട് മാത്രമല്ല, പണവും നൽകുന്നവരാണ്. പുതുച്ചേരി ഖജനാവിൽ ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന രണ്ടാമത്തെ പ്രദേശം മാഹിയാണ്. ഞങ്ങളെ കേൾക്കാൻ അധികൃതർ തയ്യാറാകുന്നില്ലെങ്കിൽ, ഞങ്ങളും പല കാര്യങ്ങളും കേൾക്കാതെ പോവും,” — അദ്ദേഹം മുന്നറിയിപ്പ് നൽകി.
വ്യാപാരികൾ പലവട്ടം മെമ്മൊറാണ്ടം നൽകി, ഇമെയിൽ സന്ദേശങ്ങൾ അയച്ചു, പ്രകടനങ്ങളും ധർണ്ണയും കടയടപ്പും നടത്തി. എന്നാൽ പ്രതികരണം ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഭരണസിരാ കേന്ദ്രത്തിലേക്ക് വ്യാപാരികൾ ഒന്നടങ്കം എത്തി പോത്തിനോട് പരിദേവനം നടത്തിയത്.
നഗരസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് വർഷങ്ങളായി സ്ഥിരമായ കമ്മീഷണറില്ലാത്ത മാഹി മുൻസിപാലിറ്റി “നാഥനില്ലാ കളരിയായി” മാറിയിരിക്കുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു. മൂന്ന് മാസത്തോളമായി വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യപ്പെടാത്തത് വലിയ പ്രശ്നമായിരിക്കുകയാണ്.
ഇനി മുതൽ വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ മുനിസിപ്പാലിറ്റി കോംപൗണ്ടിൽ തന്നെ നിക്ഷേപിക്കുമെന്നും, യുഡിയിൽ സർഫീ ബഹിഷ്‌ക്കരണം ഉൾപ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും
നേതാക്കൾ മുന്നറിയിപ്പ് നൽകി
ഷാജു കാനം, കെ.കെ. ഷെഫീർ, ടി.എം. സുധാകരൻ, ഭരതിയർ നാഥൻ, കെ.കെ. ശ്രീജിത്ത്, എ.വി. യൂസഫ് എന്നിവർ പങ്കെടുത്തു പങ്കെടുത്തു