ന്യൂമാഹി: പഞ്ചായത്ത് ഏഴാം വാർഡിൽ പൂർണമായും തകർന്നുകിടക്കുന്ന ഗ്രാമീണ റോഡുകൾ ജനജീവിതത്തെ ദുസ്സാഹസമാക്കുന്നു. വേലായുധൻമൊട്ട - പുളിയുള്ളതിൽ പിടിക, വേലായുധൻമൊട്ട് - പള്ളിപ്രം, മങ്ങാട് രയരോത്തുംകണ്ടി–വേളായുധൻമൊട്ട് മിനാർപള്ളി എന്നിവയാണ് ദൈനംദിന ഗതാഗതത്തിനൊട്ടും അനുയോജ്യമല്ലാത്ത അവസ്ഥയിലായിരിക്കുന്ന പ്രധാന റോഡുകൾ.
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായുള്ള കുഴിക്കൽ പ്രവൃത്തികൾക്ക് പിന്നാലെയാണ് റോഡുകൾ കാൽനട യാത്രക്ക് പോലും ഭീഷണിയായത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ വഴികൾ പൂർണ്ണമായും ഒലിച്ചുപോയി.
നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രധാന റോഡുകൾ നീണ്ടനാളായി ഗതാഗതയോജ്യമല്ലാത്തതായിട്ടാണ് നാട്ടുകാർ പറയുന്നത്. പ്രായമായവർ, ഗർഭിണികൾ, വിദ്യാർഥികൾ തുടങ്ങി നിരവധി പേർ പ്രതിദിനം ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്നു. വാഹനങ്ങൾ നിലച്ചതോടെ ജനങ്ങൾ പാടുപെടേണ്ടി വരുന്നു.
കോൺട്രാക്ടർമാരുടെ ലക്ഷ്യബോധമില്ലാത്ത പ്രവൃത്തിയെയും അധികൃതരുടെ അനാസ്ഥയെയും നാട്ടുകാർ ശക്തമായി വിമർശിക്കുന്നു. “റോഡിലൂടെ നടക്കാനെങ്കിലും കഴിയുന്ന സാഹചര്യം ഉണ്ടാകണം എന്നതാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യം.
യാത്ര ക്ലേശത്തിന് നടപടിയെടുക്കണമെന്നും, ശാശ്വത പരിഹാരവുമായി അധികൃതർ അടിയന്തരമായി ഇടപെടണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
