മാഹി: ഉദ്ഘാടനം കഴിഞ്ഞ് 100 ദിവസം പിന്നിടുമ്പോൾ വാഹനങ്ങളുടെ കൂട്ടിയിടിയിൽ രണ്ട് പേർ മരണപ്പെടുകയും 75 അപകടങ്ങൾ നടന്നതുമായ മാഹി ബൈപ്പാസിലെ ഈസ്റ്റ് പള്ളൂർ സിഗ്’നൽ പോയിൻ്റ് കേരള നിയമ സഭാ സ്പീക്കർ എ.എൻ. ഷംസീറും, എൻ.എച്ച് ഉദ്യോഗസ്ഥ സംഘവും ബുധനാഴ്ച്ച സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.രാവിലെ 11നാണ് സ്പീക്കർ സിഗ്നൽ പോയിൻ്റ് സന്ദർശിക്കുക. അപകടങ്ങൾ നടന്ന് മരണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം
മാഹി എം എൽ എ രമേശ് പറമ്പത്ത്, റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ ദാസ് എന്നിവരും സംഘത്തിലുണ്ടാവും.
ഒട്ടേറെ അപാകതകൾ സിഗ്നൽ പോയിൻറിൽ നിലനിൽക്കുന്നുണ്ട്. ബൈപ്പാസിൽ വാഹനങ്ങൾ സിഗ്നൽ ലൈറ്റ് എത്തുന്നതിന് 200 മീറ്റർ മുൻപ് ബൈപ്പാസിൽ ഇരുവശത്തും സൂചനാ ബോർഡുകൾ സ്ഥാപിക്കേണ്ടതായിരുന്നു. വിമർശനങ്ങൾ ഉയർന്നപ്പോൾ കഴിഞ്ഞ ദിവസം അധികൃതർ പാതയിൽ സിഗ്നൽ പോയിൻറ് ഉണ്ടെന്ന അറിയിപ്പ് ബോർഡ് സ്ഥാപിച്ചു. തെരുവു വിളക്കുകളും സ്ഥാപിക്കേണ്ടതുണ്ട്. _ പോലീസ് ഔട്ട് പോസ്റ്റ് ,നിരീക്ഷണ ക്യാമറകൾ എന്നിവയും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഡ്രൈവർമാർക്ക് ബോധവത്ക്കരണ ക്ലാസുകൾ നൽകണമെന്ന് ഡ്രൈവർമാർക്കും അഭിപ്രായമുണ്ട്.
അതിനിടെ സിഗ്നനിലെ അപകടങ്ങൾ ഒഴിവാക്കുവാൻ സാധ്യമായ നടപടികൾ എടുക്കുമെന്ന് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ.ടി.യു.മുജീബ് അറിയിച്ചു. 6 ന് കണ്ണൂരിൽ ചേരുന്ന റോഡ് സുരക്ഷാ അഥോറിറ്റിയുടെ യോഗത്തിൽ ദേശീയ പാതാ അതോറിറ്റി അധിക്യതരും പങ്കെടുക്കുന്നുണ്ട്.
75 ഓളം ചെറുതും, വലുതുമായ അപകടങ്ങളാണ് നടന്നത്. രണ്ട് പേർ മരിക്കുകയുമുണ്ടായി