മാഹി: 2024 മാർച്ച് ഹയർ സെക്കണ്ടറി പരീക്ഷയിൽ മയ്യഴിയിലെ വിദ്യാലയങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു. മേഖലയിലെ നാലു സർക്കാർ വിദ്യാലയങ്ങളിൽ നിന്ന് വിവിധ സ്ട്രീമുകളിലായി പരീക്ഷ എഴുതിയ 908 കുട്ടികളിൽ 633 പേരും വിജയിച്ചു.
45 കുട്ടികൾ വിവിധ സ്ടീമുകളിലായി മുഴുവൻ വിഷയങ്ങളിലും ഏ പ്ലസ് കരസ്ഥമാക്കി.സയൻസ് സ്ട്രീമിൽ എല്ലാ സർക്കാർ വിദ്യാലയങ്ങളും മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
സയൻസ് സ്ട്രീമിൽ നൂറു ശതമാനം വിജയം നേടിയ പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻ്റെ നേട്ടം വിജയത്തിളക്കത്തിനു മാറ്റേറ്റി.
സർക്കാർ വിദ്യാലയങ്ങളിലെ ആകെ വിജയം 69. 71% ആണ്.
സ്വകാര്യ മേഖലയിലെ രണ്ടു വിദ്യാലയങ്ങളും തിളക്കമുള്ള വിജയമാണു നേടിയത്.
രണ്ടു വിദ്യാലയങ്ങളിൽ നിന്നുമായി വ്യത്യസ്ത സ്ട്രീമുകളിലായി പരീക്ഷ എഴുതിയ 1120 കുട്ടികളിൽ 843 പേരും വിജയിച്ചു.112 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും ഏ പ്ലസ് നേടി.
ചാലക്കര സെൻ്റ് തെരേസാസ് ഹയർ സെക്കണ്ടറി സ്കൂളിലെ സയൻസ് , കോമേർസ് ബാച്ചുകൾ സമ്പൂർണ്ണ വിജയം നേടി മുന്നിലെത്തി.
ചാലക്കര എക്സൽ പബ്ളിക്ക് സ്കൂൾ സയൻസ് സ്ട്രീമിൽ നൂറു ശതമാനം വിജയത്തോടൊപ്പം എല്ലാ വിഷയങ്ങളിൽ ഏ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം 67 ൽ എത്തിച്ച് അഭിമാന വിജയം കൈവരിച്ചു.