മാഹി: പുതുച്ചേരി ലോക്സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി എ. നമശിവായത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി മാഹി മേഖലയിൽ റോഡ് ഷോ നടത്തി. വെള്ളിയാഴ്ച രാവിലെ പൂഴിത്തല തീരപ്രദേശത്ത് നിന്നും ആരംഭിച്ച റോഡ് ഷോയിൽ സ്ഥാനാർഥിക്കൊപ്പം പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമിയും പുതുച്ചേരിയിൽ നിന്നെത്തിയ നേതാക്കളും പങ്കെടുത്തു. നിരവധി ബൈക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും ബാൻ്റ് മേളത്തിൻ്റെയും അകമ്പടിയോടെയായിരുന്നു റോഡ് ഷോ. തുറന്ന വാഹനത്തിൽ സഞ്ചരിച്ച സ്ഥാനാർഥിയും മുഖ്യമന്ത്രിയും പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ വോട്ടർമാരോട് സംസാരിച്ചു. നരേന്ദ്ര മോദി സർക്കാരിൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രചരണം. മാഹി നഗരസഭാ മൈതാനം, ചാലക്കര, ചെമ്പ്ര, ഈസ്റ്റ് പള്ളൂർ, ഇടയിൽപീടിക, പന്തക്കൽ, മൂലക്കടവ് എന്നിവിടങ്ങളിൽ പര്യടനം നടത്തിയ റോഡ് ഷോ ഇരട്ടപ്പിലാക്കൂലിൽ സമാപിച്ചു.രാജ്യസഭാ എം.പി.യും ബി.ജെ.പി. സംസ്ഥാന പ്രസിഡൻ്റുമായ ശെൽവഗണപതി, എം.എൽ.എ. മാരായ വി.പി.രാമലിംഗം, കെ.വെങ്കിടേശൻ, മഹിളാ മോർച്ച സംസ്ഥാന പ്രസിഡൻ്റ് ജയന്തി ഗോപാലകൃഷ്ണൻ, മഹിള മോർച്ച മാഹി ഇൻ ചാർജ് ധനലക്ഷ്മി, കിസാൻ മോർച്ച മാഹി ഇൻ ചാർജ് ഡി.വി. പ്രകാശ്, എൻ.ആർ. കോൺഗ്രസ് നേതാക്കളായ ഡി.ജവഹർ, വി.പി.അബ്ദുൾ റഹ്മാൻ, ബി.ജെ.പി. മാഹി മേഖലാ പ്രസിഡൻ്റ് എ.ദിനേശൻ എന്നിവരും സ്ഥാനാർഥിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. രാവിലെ മാഹിയിലെത്തിയ സ്ഥാനാർഥിയും മുഖ്യമന്ത്രിയും മറ്റ് നേതാക്കളും വൈകിട്ട് വിമാനമാർഗം പുതുച്ചേരിക്ക് തിരിച്ചു.