മാഹി പാലത്തിൻ്റെ ശോചനീയാവസ്ഥ : അറ്റകുറ്റ പണി 29 ന് തുടങ്ങും, ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മാഹി: മാഹി പാലത്തിൻ്റെ
ശോചനിയാവസ്ഥ പരിഹരിക്കാൻ ദേശിയ പാത അതോറിറ്റി പൊതുമരാമത്ത് വിഭാഗം ഏപ്രിൽ 29 മുതൽ അറ്റകുറ്റ പ്രവർത്തി തുടങ്ങും. തടസ്സങ്ങളില്ലാതെ സമയബന്ധിതമായി പ്രവർത്തി പൂർത്തീകരിക്കാൻ ഏപ്രിൽ 29 മുതൽ മെയ് 10 വരെയാണ് പാലം അടച്ചിടുക. ഗതാഗതം വഴി തിരിച്ചുവിടുന്നതിന് ബദൽ ക്രമീകരണം ഒരുക്കാൻ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററോടും കണ്ണൂർ പൊതുമരാമത്ത് വകുപ്പിനോടും ദേശിയ പാത പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനയരാജ് ആവശ്യപ്പെട്ടു.

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മാഹി പാലത്തിൻ്റെ അടിയന്തിര അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ ഇതു വഴിയുള്ള വാഹന ഗതാഗതം 12 ദിവസത്തേക്ക് നിരോധിച്ച് പാലം അടച്ചിടും. കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുന്ന ബസ്സ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താൽ പാലം വഴിയും തലശ്ശേരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൊക്ലി – മേക്കുന്ന് – മോന്താൽപാലം വഴിയോ, മാഹിപ്പാലത്തിന് സമീപത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി – മോന്താൽപാലം വഴിയോ പോകേണ്ടതാണെന്ന് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തികൊണ്ട് കണ്ണൂർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.

ബദൽ യാത്രാ സംവിധാനമായി ബോട്ട് സർവ്വീസ് ഒരുക്കണം

മാഹി പാലത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാനായി ദേശീയപാത അതോറിറ്റി നടത്തുന്ന പ്രവർത്തിയുടെ ഭാഗമായി പാലം അടച്ചിടുമ്പോൾ ബദൽ യാത്രാ സംവിധാനമായി ബോട്ട് സർവ്വീസ് ഏർപ്പെടുത്തണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജന.സിക്രട്ടറി സത്യൻ കേളോത്ത് നിവേദനത്തിലൂടെ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെട്ടു. പാലത്തിൻ്റെ അറ്റകുറ്റപണി നടക്കുന്നതിനാൽ ഏപ്രിൽ 29 മുതൽ 12 ദിവസത്തോളമാണ് പാലം അടച്ചിടുന്നത്. ഈ ദിവസങ്ങളിൽ മാഹിയിൽ നിന്ന് പള്ളൂർ ഭാഗത്തേക്കും തിരിച്ച് മാഹിയിലേക്കുമുള്ള യാത്ര ദുരിതപൂർണ്ണമായിരിക്കും. പ്രാദേശികമായി നിരവധി പേർ ദിനം പ്രതി യാത്ര ചെയ്യുന്ന മാഹി പാലം അടച്ചിടുമ്പോൾ ബദൽ സംവിധാനമായി പി.ടി.ഡി.സിയുടെ ബോട്ട് സർവ്വീസ് ആരംഭിച്ചാൽ ഇരുവശത്തേക്കും പോവുന്ന യാത്രകാർക്ക് വലിയ സഹായമാവുമെന്നും അദ്ദേഹം അറിയിച്ചു

വളരെ പുതിയ വളരെ പഴയ