പെരിങ്ങത്തൂർ : പെരിങ്ങത്തൂർ ബോട്ട് ജെട്ടി-പുല്ലൂക്കര തീരദേശ റോഡിന് 50 ലക്ഷത്തിന്റെ ഭരണാനുമതി. കെ.പി. മോഹനൻ എം.എൽ.എ.യുടെ ഇടപെടലിനെ തുടർന്ന് മീൻപിടിത്ത തുറമുഖ എൻജിനിയറിങ് വകുപ്പിന് തുക അനുവദിച്ചത്.2.78 കോടി രൂപയുടെ ഭരണാനുമതിക്ക് സംസ്ഥാന തുറമുഖ വകുപ്പ് ചീഫ് എൻജിനിയർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ 50 ലക്ഷത്തിന്റെ അനുമതി നൽകിയത്. തുടർ നടപടികൾക്കായി പെരിങ്ങത്തൂർ കടവ് ഭാഗത്ത് തുറമുഖവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി.
പാനൂർ നഗരസഭയിലെ 18, 17 വാർഡുകളിൽ മയ്യഴിപ്പുഴയോട് ചേർന്നാണ് തീരദേശ റോഡ് നിർമിക്കുക. ചെറുപുല്ലൂക്കരയുടെയും പെരിങ്ങത്തൂരിന്റെയും വികസനത്തിന് വഴിയൊരുക്കുന്നതാണ് പദ്ധതി.
പദ്ധതിയുടെ ഭാഗമായി വണ്ണാത്തിത്തോട് തുടങ്ങുന്ന ഭാഗത്ത് പാലം നിർമിക്കേണ്ടി വരും. നിലവിൽ ഇവിടെ ഒരു ജലസേചന തടയണയുണ്ട്. വെള്ളപ്പൊക്ക ബാധിത പ്രദേശമായ ചെറുപുല്ലൂക്കരക്ക് ഈ തീരദേശ റോഡ് ഗുണകരമാകും.പദ്ധതിക്കായി പുഴയോരത്തെ ഭൂമി അഞ്ചര മീറ്ററിലെങ്കിലും ഉടമകൾ സ്വമേധയാ വിട്ടുനൽകേണ്ടിവരും. നിർദിഷ്ട റോഡിന് വേണ്ടിയുള്ള ഭൂരിഭാഗം ഭൂവുടമകളുടെയും സമ്മതപത്രം പാനൂർ നഗരസഭ നേരത്തേ ലഭ്യമാക്കിയിരുന്നു. പുഴയോരത്തെ സംരക്ഷണഭിത്തി കെട്ടാൻ ജലസേചനവകുപ്പും മുൻകൈയെടുക്കേണ്ടിവരും.
വിനോദസഞ്ചാര സാധ്യത
:മയ്യഴിപ്പുഴയിലെ നർദിഷ്ട മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ സുപ്രധാന ഭാഗമായി ഈ തീരദേശ റോഡ് മാറും. നിർദിഷ്ട റോഡിന് പുഴക്ക് അക്കരെ ഒരു പുതിയ ബോട്ട് ജെട്ടിയുടെ നിർമാണവും അന്തിമഘട്ടത്തിലാണ്.തീരദേശ റോഡുകൾ വഴി ഗ്രാമീണ പുഴയോര ഗതാഗതവും വിനോദസഞ്ചാരസാധ്യതകളും തൊഴിൽവികസനവും സാധ്യമാവുമെന്നാണ് കണക്കുകൂട്ടൽ. വെള്ളപ്പൊക്കത്തിൽ സഞ്ചാരം വഴിമുട്ടുന്നതും ഒറ്റപ്പെടുന്നതുമായ പ്രദേശങ്ങളിൽ തീരദേശ റോഡുകൾ ഏറെ സഹായകരമാകും. വൻതോതിലുണ്ടാവാറുള്ള കരയിടിച്ചൽ ഒരുപരിധിവരെ പ്രതിരോധിക്കാനും തീരദേശ റോഡുകൾക്ക് കഴിയുമെന്ന് കരുതുന്നു.തുറമുഖ വകുപ്പ് അസി. എക്‌സി. എൻജിനിയർ കെ. അബ്ദുൾ ജബ്ബാർ, അസി. എൻജിനിയർ കെ. രുഗ്മ, പാനൂർ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഉമൈസ തിരുവമ്പാടി, കൗൺസിലർ എം.പി.കെ. അയൂബ് എം.എൽ.എ.യുടെ പ്രതിനിധി ജയചന്ദ്രൻ നാമത്ത് എന്നിവർ സ്ഥലപരിശോധന സംഘത്തിലുണ്ടായിരുന്നു.